ഭാരത് ജോഡോ; രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും
Kerala News
ഭാരത് ജോഡോ; രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2022, 4:01 pm

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ചാണ് കൂടിക്കാഴ്ച. സമരക്കാരുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ലഭിക്കുന്നത്.

അതിനിടെ, തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സര്‍ക്കുലറില്‍ പറഞ്ഞു.

അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, ഭാരത് ജോഡോ യാത്ര രാവിലെ ഏഴിന് പാറശാലയില്‍ എത്തി. കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും എം.പിമാരും എം.എല്‍.എമാരും ചേര്‍ന്നാണ് രാഹുലിനെ കേരളത്തിലേക്കു സ്വീകരിച്ചത്.

കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം.