പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നടത്തിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച യോഗി സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ മറുപണി
national news
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നടത്തിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച യോഗി സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ മറുപണി
ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 5:57 pm

ലഖ്‌നൗ: പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന് മറുപടിയുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേയും ഉള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ ക്രിമിനല്‍ കേസ് വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ബോര്‍ഡുകള്‍ സ്ഥാപിച്ച ബി.ജെ.പി സര്‍ക്കാരിനോട് പ്രതികരിച്ച് ലൈംഗികാക്രമണ കേസുകളില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കളായ ചിന്മായനന്ദിന്റെയും കുല്‍ദീപ് സെഗാറിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് പറഞ്ഞിരുന്നു.

ലക്‌നൗവിലെ പ്രമുഖ കവലകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പ്രശ്‌നം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ