എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പി അനുഭാവമുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
എഡിറ്റര്‍
Thursday 7th December 2017 12:24am

 

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ മാറ്റിനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ, ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ഷെയ്ഖ്, ലീഗല്‍ സെല്‍ ചെയര്‍മാന്‍ യോഗേഷ് രവാനി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മഹേന്ദ്ര പട്ടേല്‍ എന്ന ഗുജറാത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി.ജെ.പിയുമായി നേരിട്ട് ബന്ധമുള്ളയാളാണെന്ന് ദീപക് ബാബ്രിയ ആരോപിച്ചു.


Also Read: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍


സോണിയാഗാന്ധിക്കെതിരെ ഫേസ്ബുക്കിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്ന മഹേന്ദ്ര പട്ടേല്‍ ഊഞ്ജ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പട്ടേലിന് അടുത്തിടെ സൂറത്ത് കളക്ടറും ജില്ലാ മജിസ്ട്രേട്ടുമായി സ്ഥാനംക്കയറ്റം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നിഷ്പക്ഷവും സ്വതന്ത്രവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അദ്ദേഹത്തെ എല്ലാ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്നും മാറ്റി നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തടവില്‍ കഴിയേണ്ടിവന്നിട്ടുള്ള റേഞ്ച് ഐ.ജി രാജ്കുമാര്‍ പാണ്ഡ്യനെയും തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സൊഹ്റാബുദീന്‍, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധമുള്ള മറ്റൊരു റേഞ്ച് ഐ.ജി അഭയ് ചൗദാസത്തെ മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement