എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്ന് ചെന്നിത്തല; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്
Kerala News
എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്ന് ചെന്നിത്തല; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 3:14 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ കളക്ടറായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്റെ നിയമനമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും കളങ്കിതനായ വ്യക്തിയെ കളക്ടറാക്കരുതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ പ്രതികരിച്ചു. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു

ശ്രീറാമിന്റെ നിയമനത്തിനെതിരെ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും രംഗത്തെത്തി. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതായി സലീം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, വലിയ അഴിച്ചുപണിയാണ് ഐ.എ.എസ് തലപ്പത്ത് നടന്നത്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും.മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ് കളക്ടറാവും. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാകും.