കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ബി.ജെ.പി പണം മോഷ്ടിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍
India
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ബി.ജെ.പി പണം മോഷ്ടിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 1:31 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ബി.ജെ.പി പണം മോഷ്ടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. എ.ഐ.സി.സിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകളില്‍ നിന്ന് ആദായനികുതി വകുപ്പ് 65.89 കോടി രൂപ വെട്ടിക്കുറച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ബി.ജെ.പിക്ക് ഇത്തരമൊരു അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുകയാണ്. ഞങ്ങളും ഈ രാജ്യം ഭരിച്ചിട്ടുണ്ട്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല’, കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഒരു രാഷട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദായനികുതി വെട്ടിപ്പ് ജനാധിപത്യ തത്വങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ ശബ്ദം അടപ്പിക്കാനാണ് രാജ്യത്ത് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് വ്യക്തമായും സ്വേച്ഛാധിപത്യത്തിനുള്ള ഉദാഹരണമാണ്. ബി.ജെ.പിയെ പോലെ അല്ല, പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് കോണ്‍ഗ്രസിന് പണം ലഭിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ആദായ നികുതി റിട്ടേണ്‍ അടക്കാന്‍ വൈകിയെന്നാരോപിച്ച് അടുത്തിടെ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. പിന്നീട് അക്കൗണ്ടുകള്‍ താത്കാലികമായി ഉപയോഗിക്കാന്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്‍കി. സംഭവത്തില്‍ 210 കോടി രൂപ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് പിഴ ചുമത്തുകയും ചെയ്തിരുന്നു.

Contant Highlight: Congress claims BJP stealing money ‘from our banks’