സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ വെളിവാകുന്നത് ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ ചിന്താഗതിയാണ്; പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
national news
സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ വെളിവാകുന്നത് ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ ചിന്താഗതിയാണ്; പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 3:42 pm

 

ന്യൂദല്‍ഹി: സോണിയ ഗാന്ധിയ്‌ക്കെതിരെ ബി.ജെ.പി വക്താവ് പ്രേം ശുക്ല നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മാനനഷ്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വാര്‍ത്താ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ബി.ജെ.പി വക്താവ് പ്രേം ശുക്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ചത്. ബി.ജെ.പിയുടെ പ്രവര്‍ത്തി കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കി.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദക്കയച്ച കത്തിലാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം.

‘ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതാക്കളും വക്താക്കളും തന്നെ രാജ്യത്തെ ബഹുമാനപ്പെട്ട സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ച് ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷക്കെതിരെ ആക്ഷേപകരമായ ഭാഷ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത്,’ കത്തില്‍ വ്യക്തമാക്കി.

ബി.ജെ.പിയുടെ നേതാക്കള്‍ ഉപയോഗിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ നിലപാടുകളാണ് വ്യക്തമാക്കുന്നത് എന്നും കോണ്‍ഗ്രസ് പറഞ്ഞു.

സ്ത്രീകളോടുള്ള ആദരവ് വേദകാലം മുതലേ തന്നെ ഇന്ത്യയുടെ പാരമ്പര്യമാണ്. സ്ത്രീകളെ, അവര്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അല്ലെങ്കിലും ബഹുമാനിക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരമാണ്. സ്വാഭാവികമായും ഈ നടപടി രാജ്യത്തിന്റെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഭാരതീയ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ പ്രത്യേകിച്ചും ഇത് സംബന്ധിച്ച ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ ചിന്താഗതിയാണ് കാണിക്കുന്നതെന്നും ഇത്തരം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ കാരണം രാജ്യത്തിന്റെ രാഷ്ട്രീയം താഴോട്ട് പോകുകയാണെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

നേതാക്കളുടെ അസഭ്യ പരാമര്‍ശങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ തന്നെ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും രാഷ്ട്രീയത്തിന്റെ അന്തസ്സിനെ വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു.

‘ബി.ജെ.പി നേതാക്കളുടെ അസഭ്യമായ വാക്കുകള്‍ക്ക് രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നാണ് പ്രധാനമന്ത്രി മോദിയോടും അധ്യക്ഷന്‍ ജെ.പി. നദ്ദയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതുപോലെ രാഷ്ട്രീയത്തിന്റെ അന്തസ്സിനെ വ്രണപ്പെടുത്തരുതെന്നും അധിക്ഷേപകരമായ ഭാഷയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിങ്ങളുടെ വക്താക്കളോടും നേതാക്കളോടും മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ നിങ്ങള്‍ ആവശ്യപ്പെടാന്‍ ശ്രമിക്കുക,’ ജയ്‌റാം രമേശ് പറഞ്ഞു.

വരും ദിവസങ്ങളില്‍ ബി.ജെ.പിയെ നേതാവോ പാര്‍ട്ടി പ്രവര്‍ത്തകരോ സോണിയ ഗാന്ധിയ്‌ക്കെതിരെ എന്തെങ്കിലും തരത്തില്‍ അസഭ്യമായ പ്രയോഗങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായല്ല ഒരു ബി.ജെ.പി നേതാവ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പദപ്രയോഗം നടത്തുന്നത്. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള പല ബി.ജെ.പി നേതാക്കളും രാജ്യത്തെ ബഹുമാന്യരായ സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് രാജ്യത്തിന് അറിയാം.

ഒരു രാജ്യത്തിന്റെ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന നേതാവ് തന്നെ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിയില്‍ മറ്റ് നേതാക്കള്‍ ആ പ്രവര്‍ത്തി പിന്തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇതുവരെ പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് നേതാക്കള്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പാര്‍ട്ടിയിലെ തന്നെ പ്രവര്‍ത്തകര്‍ നടത്തുന്ന അനാദരവും അസഭ്യമായ പരാമര്‍ശങ്ങളും കാരണം രാജ്യത്ത് രാഷ്ട്രീയത്തിന്റെ നിലവാരം അധപതിക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Content Highlight: Congress asks bjp leaders including prime minister to say sorry for their defamatory claims against sonia gandhi