ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ.എം.എമ്മും ഒന്നിച്ചുതന്നെ; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഹേമന്ത് സോറന്‍; ആര്‍.ജെ.ഡിയുടെ കാര്യം അനിശ്ചിതത്വത്തില്‍
Jharkhand election
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ.എം.എമ്മും ഒന്നിച്ചുതന്നെ; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഹേമന്ത് സോറന്‍; ആര്‍.ജെ.ഡിയുടെ കാര്യം അനിശ്ചിതത്വത്തില്‍
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 6:50 pm

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ജെ.എം.എമ്മും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന സീറ്റുതര്‍ക്കം പരിഹരിച്ചാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ജെ.എം.എം നേതാവ് ഹേമന്ത് സോറനെ മുന്നില്‍നിര്‍ത്തി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

അതേസമയം ആര്‍.ജെ.ഡി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍.ജെ.ഡി ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജെ.എം.എം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലും മത്സരിക്കും. 81 സീറ്റാണ് ആകെയുള്ളത്.

ഏഴ് സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. ഇത് ആര്‍.ജെ.ഡിക്കു വേണ്ടി മാറ്റിവെച്ചതാണെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈയാഴ്ച ആദ്യം സോറന്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ തേജസ്വി യാദവിനെ കണ്ടിരുന്നു. ചില സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നു എന്നുള്ളതാണ് ഇപ്പോഴും തീരുമാനമാകാന്‍ വൈകുന്നത്.

ആര്‍.ജെ.ഡിയെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് സോറന്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായി സോറന്‍ സംസാരിച്ചേക്കും.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്), ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ സഖ്യത്തിലുണ്ടാകില്ലെന്നുറപ്പാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം, കോണ്‍ഗ്രസ്, ജെ.വി.എം (പി), ആര്‍.ജെ.ഡി എന്നിവര്‍ ഒന്നിച്ചു മത്സരിച്ചെങ്കിലും രണ്ട് സീറ്റുകളില്‍ മാത്രമാണു ജയിച്ചത്. ബി.ജെ.പി-എ.ജെ.എസ്.യു സഖ്യം 12 സീറ്റ് നേടിയിരുന്നു.