എഡിറ്റര്‍
എഡിറ്റര്‍
കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസും: വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ്
എഡിറ്റര്‍
Monday 24th April 2017 12:05pm

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വവും. കമല്‍നാഥ് കോണ്‍ഗ്രസിലെ പരിചയ സമ്പന്നനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.

ബി.ജെ.പിയുടെ പ്രചരണം ധാര്‍മ്മികതയ്ക്കു നിരക്കാത്തതാണ്. പാര്‍ട്ടി പ്രതിസന്ധി നേരിട്ട അടിയന്തരാവസ്ഥ കാലത്തും പാര്‍ട്ടിക്ക് അധികാരമില്ലാതിരുന്ന 1989ലും 2004ലും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്ന നേതാവാണ് കമല്‍നാഥെന്നും സുര്‍ജേവാല പറഞ്ഞു.

കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരണമുണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ ഈ പ്രചരണം ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.


Don’t Miss: ‘എനിക്ക് ഉപ്പും വിനാഗിരിയും തരൂ, മുസ്‌ലിം തീവ്രവാദികളുടെ കരള്‍ പച്ചയ്ക്കു തിന്നു കാണിക്കാം’ ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് 


ഈ വാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണെന്നാണ് ശിവാരാജ് സിങ് ചൗഹാന്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

‘ ഈ വാര്‍ത്തകളിലൊന്നും ഒരു വസ്തുതയുമില്ല. ചുരുങ്ങിയത് എന്റെ അറിവിലെങ്കിലും ഇല്ല. ബി.ജെ.പി സ്വന്തം കയ്യിലുള്ള ഒരു കമല്‍ (താമര ചിഹ്നം) കൊണ്ടുതന്നെ ഏറെ സംതൃപ്തരാണ്. അദ്ദേഹവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.’ എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

‘കോണ്‍ഗ്രസില്‍ നിന്നുള്ള ആരെങ്കിലും തന്നെ പ്രചരിപ്പിക്കുന്നതാണോ ഈ വാര്‍ത്തയെന്ന് ആര്‍ക്കറിയാം?’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement