| Saturday, 28th January 2012, 9:35 am

കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍: മോഡി മികച്ച സംഘാടകനെന്ന് പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച് കോണ്‍ഗ്രസിന്റെ പത്രപരസ്യം. റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ പത്രത്തിനൊപ്പം വിതരണം ചെയ്ത കോണ്‍ഗ്രസിന്റെ നോട്ടീസിലാണ് ബി.ജെ.പി നേതാവ് കൂടിയായ നരേന്ദ്രമോഡിയെ പുകഴ്ത്തുന്ന വാക്കുകളുള്ളത്.

“മികച്ച സംഘാടകന്‍, കൗശലക്കാരനായ തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍” എന്നിങ്ങനെ മോഡിയെ വിശേഷിപ്പിക്കുന്നതാണ് പരസ്യം. ” മികച്ച സംഘാടകനും കൗശലക്കാരനായ തിരഞ്ഞെടുപ്പ് തന്ത്രഞ്ജനുമായ നരേന്ദ്രമോഡി 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി. ” പരസ്യത്തിന്റെ തുടക്കം ഇങ്ങനെയാണ്.

രണ്ട് പേജുള്ള പരസ്യത്തില്‍ തുടക്കം മുതല്‍ ഗുജറാത്ത് വികസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ മോഡിയുള്‍പ്പെടെ ഗുജറാത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കിയ എല്ലാ മുഖ്യമന്ത്രിമാരുടെയും സംഭാവനകളും പറയുന്നു. “ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റാനായി മോഡി കഠിനാധ്വാനം ചെയ്യുകയാണ്. അദ്ദേഹം ബയോടെക്‌നോളജിക്ക് പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. കൂടാതെ നര്‍മ്മദ ഡാമിന്റെ ഉയരം 11.64 എം.ടി.എസില്‍ നിന്നും 121.92 എം.ടി.എസ് ആയി ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.മോഡി ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും വൈബ്രന്റ് ഗുജറാത്ത് ഇന്‍വെസ്റ്റര്‍ ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്.” പരസ്യം വിശദീകരിക്കുന്നു.

ഇതിനു പുറമേ മോഡി സര്‍ക്കാര്‍ തുടക്കംകുറിച്ച കൃഷി മഹോത്സവ്, നവരാത്രി മഹോത്സവ്, കൈറ്റ് ഫ് ളൈയിംഗ് ഫെസ്റ്റിവെല്‍, റാന്നോത്സവ്, കല്‍ക്കരി കാര്‍ണിവെല്‍ എന്നിവയെയും കോണ്‍ഗ്രസ് പുകഴ്ത്തുന്നുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ പ്രചാരണം ആരംഭിച്ച ഘട്ടത്തിലാണ് ബി.ജെ.പി നേതാവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ സെല്‍ഫ് ഗോളായാണ് ഈ നോട്ടീസിനെ കാണുന്നത്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more