പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരില്ലെന്ന് അമിത് ഷാ; 'അടുത്ത തവണ ബി.ജെ.പി അധികാരത്തിലെത്തും'
India
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരില്ലെന്ന് അമിത് ഷാ; 'അടുത്ത തവണ ബി.ജെ.പി അധികാരത്തിലെത്തും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 3:18 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നുള്ള ബി.ജെ.പി നേതാക്കളുടെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ 356 ഒരു പൊതു പ്രശ്‌നമല്ല. ഇത് ഭരണഘടനാപരമായ കാര്യമാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആര്‍ട്ടിക്കിള്‍ 356 ഇവിടെ നടപ്പാക്കേണ്ട ആവശ്യമില്ല, കാരണം സര്‍ക്കാര്‍ ഏപ്രില്‍ മാസത്തില്‍ മാറും.
അപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

അതേസമയം സി.എ.എ സംസ്ഥാനത്ത് തീര്‍ച്ചയായും നടപ്പാക്കിയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സി.എ.എ നടപ്പാക്കുമോ എന്ന ചോദ്യത്തിന് അത് കൊവിഡ് -19 നെ ആശ്രയിച്ചിരിക്കുമെന്നും ഇവിടുത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയിലൂടെ സംസ്ഥാനത്ത് ‘രാജവംശ ഭരണം’ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

രാജവംശമോ പുരോഗമനവാദമോ എന്താണ് വേണ്ടതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ തീരുമാനിക്കണം. ഭരണത്തെ പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കുകയും രാഷ്ട്രീയത്തെ കുറ്റകരമാക്കുകയും അഴിമതി സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുകയുമായിരുന്നു മമത. മറ്റൊരു സംസ്ഥാനത്തും ഇത് സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു.

‘ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Confident of coming to power in West Bengal, won’t impose President’s Rule: Shah