'യുദ്ധത്തിനല്ല പോകുന്നത്, കര്‍ഷകര്‍ സമാധാനപരമായി സമരം നടത്തിയില്ലെങ്കില്‍ വിജയിക്കുന്നത് മോദിയായിരിക്കും'; കര്‍ഷക നേതാവ്
farmers protest
'യുദ്ധത്തിനല്ല പോകുന്നത്, കര്‍ഷകര്‍ സമാധാനപരമായി സമരം നടത്തിയില്ലെങ്കില്‍ വിജയിക്കുന്നത് മോദിയായിരിക്കും'; കര്‍ഷക നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 8:59 pm

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം സമാധാനപരമായി സംഘടിപ്പിച്ചില്ലെങ്കില്‍ ഒടുവില്‍ വിജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ബല്‍ബീര്‍ സിംഗ് രജേവാള്‍. പ്രക്ഷോഭകരെന്നും അപകടകാരികളെന്നും മുദ്രകുത്തി കേന്ദ്രം കര്‍ഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രക്ഷോഭം നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. കര്‍ഷകരുടെ പ്രതിഛായ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമാധാനപൂര്‍വ്വം പ്രതിഷേധിക്കാന്‍ ഞാന്‍ കര്‍ഷകരോട് അപേക്ഷിക്കുന്നു. പ്രതിഷേധം സമാധാനപരമല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയിക്കുക’, ബല്‍ബീര്‍ സിംഗ് പറഞ്ഞു.

യുദ്ധത്തിനല്ല പോകുന്നതെന്നും രാജ്യവും സര്‍ക്കാരും നമ്മുടേതാണെന്ന് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ഷക പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുകയാണ്. 44 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകശ്രമത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം.

പൊലീസിനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച യുവാവും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാളെത്തി കര്‍ഷകരുടെ ടെന്റുകളും മറ്റു വസ്തുക്കളും തകര്‍ത്തിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് പിന്നാലെ കനത്ത പൊലീസ് സുരക്ഷയായിരുന്നു പ്രതിഷേധസ്ഥലങ്ങളില്‍ ഒരുക്കിയിരുന്നത്. ഇതിനിടയിലും കര്‍ഷകര്‍ക്കെതിരെ വലിയ ആക്രമണം നടന്നതില്‍ ഉന്നതതല പങ്കുണ്ടെന്ന് ആരോപണങ്ങളുയരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നേരെ സിംഗുവില്‍ ആക്രമണമുണ്ടായത്. സമരം അവസാനപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.

അതേസമയം യു.പി അതിര്‍ത്തിയായ ഖാസിപ്പൂരില്‍ സമരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Conduct Farmers Protest Peacefully Says BKU Leader