കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യു.എന്‍
World News
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യു.എന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 11:02 pm

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. വിഷയത്തില്‍ യു.എന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണം. അല്ലെങ്കില്‍ രണ്ടുരാജ്യങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും ഇടപെടില്ലെന്നും യു.എന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്ന് യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

ബിയാരിറ്റ്‌സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ മോദിയുമായും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച പാകിസ്താന്റെ യു.എന്നിലെ പ്രതിനിധി മലീഹ ലോധിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കാനാണ് അദ്ദേഹം ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യു.എന്‍.വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നതടക്കമുള്ള പാക് വാദങ്ങള്‍ക്ക് ഇന്നലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു.

‘കശ്മീരിലെ പുതിയ നിയമനടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റുനിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ആഭ്യന്തര വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരുരാജ്യത്തിനും അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും’ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് സഭയെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഇടപെടണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞിരുന്നു.