Administrator
Administrator
കൊമ്രേഡ് പാന്ഥെ അമര്‍ രഹേ…
Administrator
Sunday 21st August 2011 4:06pm

ന്യൂദല്‍ഹി: ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ഡോ. മധുകര്‍ കാശിനാഥ് പാന്ഥെയ്ക്ക് തൊഴിലാളിവര്‍ഗം യാത്രാമൊഴി നല്‍കി. തൊഴിലാളികള്‍ക്കായി ആയുസ് സമര്‍പ്പിച്ച മഹാനായ നേതാവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ദല്‍ഹിയിലെത്തിയിരുന്നു. എ.കെ.ജി മന്ദിരത്തില്‍ നിന്നും ലോധി റോഡ് ശ്മശാനത്തിലേക്കുള്ള വഴികള്‍ ‘കൊമ്രേഡ് പാന്ഥെ അമര്‍ രഹേ’ എന്ന ശബ്ദത്താല്‍ മുഖരിതമായിരുന്നു. വൃദ്ധരും സ്ത്രീകളുമെല്ലാം കരഞ്ഞ് കൊണ്ട് ഇത് ഏറ്റു വിളിക്കുന്നതും കാണാമായിരുന്നു. തൊഴിലാളികള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു പാന്ഥെയുടെ ജീവിതം. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും എന്നും മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം.

രാവിലെ സി.ഐ.ടി.യു ആസ്ഥാനത്തും പിന്നീട് സി.പി.ഐ.എം ആസ്ഥാനമായ എകെജി ഭവനിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖരും ട്രേഡ് യൂണിയന്‍ നേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ പത്തേകാലോടെയാണ് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ ഇവിടെ വച്ച് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. പിണറായി വിജയന്‍, പി.കെ. ശ്രീമതി, എം.എം. ലോറന്‍സ് തുടങ്ങിയ നേതാക്കള്‍ പാന്ഥെയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. രണ്ട് മണിയോടെ വിലാപയാത്രയായി ലോധി റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം മൂന്ന് മണിയോടെയാണ് സംസ്‌കരിച്ചത്.

സാമൂഹ്യസേവന പാരമ്പര്യമുള്ള വീട്ടിലെ ജനനം തന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. പൂനെയില്‍ 1925 ജൂലൈ 11നാണ് പാന്ഥെ ജനിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുസ്തകങ്ങള്‍ ചെറുപ്പത്തില്‍ തന്നെ ആകര്‍ഷിച്ച പാന്ഥെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഷോലാപ്പൂരിലെ ഡി. എ. വി കോളേജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായത്.

1940ല്‍ മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലെ ഖണ്ഡേഷ് തുണിമില്ലില്‍ നടന്ന തൊഴിലാളി സമരമാണ് അദ്ദേഹത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി അടുപ്പിച്ചത്. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന ഷോലാപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ സെക്രട്ടറിയായി. 1943ലാണ് പാന്ഥെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്.

1948ല്‍ ട്രേഡ് യൂണിയന്‍ രംഗത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അതേവര്‍ഷം തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷോലാപ്പൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെതുടര്‍ന്ന് 1948 മുതല്‍ 1951 വരെ 27 മാസത്തോളം ഒളിവില്‍ കഴിഞ്ഞായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. ബോംബെ പ്രസിഡന്‍സി ഗവണ്‍മെന്റ് നിയമിച്ച ഷോലാപ്പൂര്‍ ഹാന്റ്‌ലൂം വീവേഴ്‌സ് എന്‍ക്വയറി കമ്മിറ്റിയെ സഹായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്.

തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ ഈ സര്‍വ്വേ വഴി അദ്ദേഹത്തിന് സാധിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പാന്ഥെ പഠനവും തുടര്‍ന്നു. പൂനെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ 1953ല്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് 1960ല്‍ പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍
ഡോക്ടറേറ്റ് എടുത്തു. ‘ഷോലാപ്പൂരിലെ തൊഴിലാളി സംഘടനകള്‍ ഘടനയും പ്രവര്‍ത്തനവും’ എന്നതായിരുന്നു പി. എച്ച്. ഡിക്കുള്ള വിഷയം. കേന്ദ്ര തൊഴില്‍ മന്ത്രിയും രാഷ്ട്രപതിയുമായിത്തീര്‍ന്ന വി. വി. ഗിരിയായിരുന്നു പാന്ഥെയുടെ തീസീസ് പേപ്പറിന്റെ പരിശോധകന്‍.

1956ലെ ഗോവാ വിമോചന സമരത്തില്‍ പാര്‍ട്ടിയോടൊപ്പം പാന്ഥെ സജീവമായി പങ്കെടുത്തു. ഷോളാപ്പൂരിലെ ഗോവാ വിമോചന സമിതിയുടെ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയുടെ മറാത്തി വാരികയായിരുന്ന ‘ഏക് ജൂതി’ന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചത് ഇക്കാലത്താണ്. 1958 മുതല്‍ 1970വരെ പന്ത്രണ്ടുകൊല്ലം അദ്ദേഹം എ. ഐ. ടി. യു. സിയുടെ കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എസ്. എ. ഡാങ്കെ ജനറല്‍ സെക്രട്ടറിയും എസ്. എസ്. മിറാജ്കര്‍ പ്രസിഡന്റുമായിരുന്നു. റിവിഷനിസത്തിനെതിരായ ആശയസമരകാലത്ത് അദ്ദേഹത്തിന് കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. എ.ഐ.ടി.യു.സിയുടെ കേന്ദ്രത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പം നിന്നു.

മോഡിനഗര്‍ തുണിമില്‍ തൊഴിലാളികളുടെ 1968ലെ ഐതിഹാസികമായ സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് തൊഴിലാളികളാണ് മരണമടഞ്ഞത്. 140 പേര്‍ക്ക് പരിക്കേറ്റു. കൊലക്കേസില്‍ കുരുക്കി പൊലീസ് അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 13 മാസക്കാലം അദ്ദേഹം ഒളിവിലായിരുന്നു. സി.പി.ഐ.എമ്മിന് വേണ്ടിയും അതിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന് വേണ്ടിയും പാന്ഥെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് പരസ്യമായിട്ടും 1970വരെ അദ്ദേഹം എ.ഐ.ടി.യു.സിയില്‍ സെക്രട്ടറിയായി തുടര്‍ന്നു. വര്‍ക്കേഴ്‌സ് എജ്യൂക്കേഷന്‍ ബോര്‍ഡിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. 1970ല്‍ സി.ഐ.ടി.യു രൂപീകരിച്ചപ്പോള്‍ സെക്രട്ടറിയായി. മുതലാളിത്തവത്കരണ സമൂഹത്തിനെതിരെ ട്രേഡ് യൂണിയനുകളെ അണിനിരക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തെ സി.ഐ.ടി.യുവിന്റെ അമരക്കാരനാക്കി മാറ്റിയത്. 1978ല്‍ നടന്ന ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ് സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയിലേക്ക് പാന്ഥെ വരുന്നത്. 1998ല്‍ കൊല്‍ക്കത്തയില്‍വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലൂടെയാണ് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കുന്നത്.

അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ രക്ഷാധികാരി പ്രമീള പന്ഥെയാണ് ഭാര്യ. മിലിന്ദും പരേതയായ ഉജ്വലയുമാണ് മക്കള്‍. സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകനുമായ വിജേന്ദര്‍ ശര്‍മയാണ് മരുമകന്‍. സൊണാലി, രുപാല്‍ എന്നിവരാണ് ചെറുമക്കള്‍. സുലോചന തല്‍രേജയാണ് മരുമകള്‍.

Advertisement