എഡിറ്റര്‍
എഡിറ്റര്‍
കോമ്രേഡ് ഇന്‍ അമേരിക്കയും: പ്രണയവും മൂലധനവും
എഡിറ്റര്‍
Saturday 13th May 2017 4:51pm

മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എല്ലാം വിവരിക്കുന്ന ലോകത്തിലെ വലിയ ഒരു ബെസ്‌ററ് സെല്ലര്‍ ആയ മെരിഗ്രബ്രിയേല്‍ എഴുതിയ ‘love and capital’ എന്ന പുസ്തകം ആ വായന ശാലയിലെ പുസ്തക ശേഖരത്തില്‍ ഉണ്ട്.


ചാര്‍ളി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളുടെ ഒരു തുടര്‍ച്ച എന്ന് തോന്നിപ്പിക്കുന്ന കോമ്രേഡ് ഇന്‍ അമേരിക്ക, ദുല്‍ഖര്‍ സല്‍മാന്റെ താര പരിവേഷവും, അമല്‍ നീരദിന്റെ അതീവ ദൃശ്യ ഭംഗിയുള്ള രംഗങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും ഒന്നാംതരമായി സമ്മേളിപ്പിച്ചിരിക്കുന്നു.

ക്ഷുഭിതനായ യുവാവ് എന്ന സ്ഥിരം കഥാപ്രാത്രങ്ങളില്‍ നിന്നും ദുല്‍ഖറിന്റെ മാസ് ഹീറോയിലേക്കുള്ള പരിവര്‍ത്തനം ഇതില്‍ ദൃശ്യം ആണ്. കേരള കോണ്‍ഗ്രസ്സ് നേതാവിന്റെ മകനായ കോട്ടയംകാരന്‍ അജി മാത്യു ( ദുല്‍ഖര്‍ സല്‍മാന്‍ ) കമ്യൂണിസ്റ്റു ആശയങ്ങളില്‍ ആകൃഷ്ടനാകുകയും ഒരു കമ്യൂണിസ്റ്റു അനുഭാവി ആയി മാറുന്നതും അയാളുടെ പ്രണയവും, കാമുകിയെ തേടി പിന്നീട് അമേരിക്കയിലെക്കു നടത്തുന്ന യാത്രയും ആണ് പ്രധാന കഥാതന്തു.

പാലായ്ക്കടുത്തുള്ള തന്റെ ഗ്രാമത്തിലെ ഇ.എം.എസ് ജനകീയ വായനശാല ആണ് അജി മാത്യുവിന്റെ പ്രധാന വിശ്രമകേന്ദ്രം. അവിടെ ഉള്ള സഖാക്കള്‍ ജോമോന്‍ (സൗബിന്‍ ഷഹീര്‍ ), ഹരി (ദിലീഷ് പോത്തന്‍) എന്നിവരാണ് അജിയുടെ ഉറ്റ ചങ്ങാതിമാര്‍.

കാള്‍ മാര്‍ക്‌സ് പറഞ്ഞ പോലെ ‘ നിങ്ങളെ സന്തോഷവാനാക്കുന്നവരുടെ കൂടെ കൂടുന്ന, നിങ്ങളെ ചിരിപ്പിക്കുന്ന, ആവശ്യങ്ങളില്‍ എല്ലാം കൂടെ വരുന്ന, യഥാര്‍ത്ഥത്തില്‍ പരിചരിക്കുന്ന, അവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ മൂല്യവത്തായവര്‍, ബാക്കി എല്ലാവരും ഒന്നും ഇല്ലാതെ കടന്നു പോകുന്നവര്‍ മാത്രം.’ ഇത് പോലെ അത്രക്കും ലളിതം ആണ് അവരുടെ കമ്യൂണിസം.

ഈ രണ്ടുപേരും ആണ് അജി മാത്യുവിന്റെ എല്ലാം ആയ രണ്ടു സഖാക്കള്‍. പാര്‍ട്ടി ആപ്പീസില്‍ മദ്യപിച്ചു ഭാവനയില്‍ ലെനിനോടും മാര്‍ക്‌സിനോടും ചെഗുവേരയോടും കൂടെ ഇരുന്നു തന്റെ പ്രണയത്തെക്കുറിച്ചും കമ്യൂണിസ്റ്റു ആശയങ്ങളെക്കുറിച്ചും സംസാരിക്കുന്ന അജിമാത്യുവിന്റെ നറേഷനിലൂടെയും ഫ്‌ളാഷ് ബാക്കിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.

ഒരിക്കലും ചിരിച്ചു കാണാത്ത നിങ്ങള്‍ക്ക് ഒകെ ഒന്ന് ചിരിച്ചൂടേ എന്ന് അജി മാത്യു അവരോടു ചോദിക്കുമ്പോള്‍ കൂടെ ഉള്ള കാള്‍ മാര്‍ക്‌സും ലെനിനും ചെഗുവേരയും പോലും ചിരിക്കുന്നു. മാര്‍ക്‌സ് തന്റെ കാമുകി ജെന്നിക്കയച്ച പ്രണയ ലേഖനങ്ങള്‍ വായിച്ചാല്‍ ‘കള്ളാ താന്‍ ഇത്ര സീരിയസ് ആകില്ല’ എന്നും വലിയ പുസ്തക ശേഖരം ഉള്ള പാര്‍ട്ടി ആപ്പീസില്‍ വച്ച് അജി മാത്യു പറയുന്നു.

മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എല്ലാം വിവരിക്കുന്ന ലോകത്തിലെ വലിയ ഒരു ബെസ്‌ററ് സെല്ലര്‍ ആയ മെരിഗ്രബ്രിയേല്‍ എഴുതിയ ‘love and capital’ എന്ന പുസ്തകം ആ വായന ശാലയിലെ പുസ്തക ശേഖരത്തില്‍ ഉണ്ട്. ‘പ്രണയവും മൂലധനവും’ എന്നത് അതിനെ പരിഭാഷ ആണ് അത്. ഈ ബുക്ക് ഫുള്‍ ക്ലോസപ്പില്‍ സ്‌ക്രീന്‍ നിറയുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ നിര്‍ബന്ധം ആയും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണത്. ഇത്തരം പുസ്തകങ്ങളാണ് അയാളുടെ ജീവവായു.

കാള്‍ മാര്‍ക്‌സിന്റെ അനവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, മാര്‍ക്‌സ് കുടുംബത്തിന്റെ പരിപൂര്‍ണ കഥയടങ്ങിയ ഒരു പുസ്തകവുമില്ല. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്‍സിലും ഹെലന്‍ ഡിമത്തിലും പൂര്‍ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമില്ല.

ജെന്നിമാര്‍ക്‌സിന്റെയും ഏറ്റവും ഇളയ മകളായ എലിനോറിന്റെയും നിരവധി ജീവചരിത്രങ്ങള്‍ നിലവിലുണ്ട്. പക്ഷേ, ഒരു പുസ്തകവും കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ പറയുകയോ, അവരുടെ സംഘര്‍ഷങ്ങള്‍ മാര്‍ക്‌സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്‍ഭപ്രസക്തിയോടെ അനാവൃതമാക്കുകയോ ചെയ്യുന്നില്ല. മേരിഗബ്രിയേല്‍ അതിനാണ് ശ്രമിച്ചത്.

നാലുമക്കള്‍ മരിച്ചുപോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ടുമുണ്ടായിരുന്നിട്ടും മറ്റൊരു സ്ത്രീയില്‍ മാര്‍ക്‌സിനു ഒരു കുട്ടി പിറക്കുകയെന്ന അന്തിമ വഞ്ചന നടന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്‌നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന്, സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച്, അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥകൂടിയാണിത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വിപ്ലവ പ്രവാഹത്തില്‍ ആമഗ്‌നമായ, ഉജ്ജ്വലവും സമരോന്മുഖവും അരിശമുളവാക്കുന്നതും ചിരിപ്പിക്കുന്നതും വികാരവേശമാര്‍ന്നതും അന്തിമമായി, ദുരന്തപൂര്‍ണവുമായ കഥാപാത്രങ്ങളുടെ ചരിത്രം. എല്ലാറ്റിലുമുപരി, വ്യക്തിപരവും രാഷ്ട്രീയപരവുമായ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന്റെ കന്മതിലില്‍ ഇടിച്ചുതകര്‍ന്നുപോയ പ്രതീക്ഷകളുടെ കഥ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ അപരാജിതത്വത്തിന് വീണ്ടും ക്ഷയമേറ്റു. 2008ലെ ശരത് ഋതുവില്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ദ്ധന്യത്തിലെത്തിയതോടെ, അക്കാദമിക് പണ്ഡിതരും സാമ്പത്തിക വിദ്വാന്മാരും സ്വതന്ത്രവിപണിയുടെയും മുതലാളിത്തത്തിന്റെയും മേന്‍മയെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങി. ഇതിന് മറുമരുന്നെന്തെന്ന് ഗാഢമായി ആലോചിക്കാന്‍ തുടങ്ങി.

ഈ പരിതസ്ഥിതിയില്‍ മാര്‍ക്‌സിന്റെ രചനകള്‍ ക്രാന്തദര്‍ശിത്വമുള്ളതും യുക്തിഭദ്രതയുള്ളതുമാണെന്ന് വെളിവാകുന്നത് കാണാറായി. ഇത്തരമൊരു പരിണതഫലം ഉണ്ടാകുമെന്ന് 1851ല്‍ ആധുനിക മുതലാളിത്തത്തിന്റെ ഉദയകാലത്തുതന്നെ അദ്ദേഹം മുന്‍കൂട്ടികണ്ടിരുന്നു.

ആസന്ന വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം അനിവാര്യമായും തെറ്റായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഭാവിയിലെ വര്‍ഗരഹിത സമൂഹത്തിന്റെ ചിത്രം അവ്യക്തമായിരുന്നു. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയുടെ പോരായ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ഭയാനകമാം വിധം സാക്ഷാല്‍ക്കരിക്കപ്പെട്ടു.

മാര്‍ക്‌സ്‌കുടുംബത്തിന്റെ കഥ പറയുന്നതിനിടയില്‍ മാര്‍ക്‌സിന്റെ ഈ സിദ്ധാന്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടെ, തൊഴിലാളി വര്‍ഗത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയും. ഈ ഘടകങ്ങള്‍ ഉള്‍പ്പെടുത്താതെ മാര്‍ക്‌സ് കുടുംബത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. അവര്‍ ഉണ്ടതും ഉറങ്ങിയതും ശ്വസിച്ചതും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക വിപ്ലവമായിരുന്നു. അതും മാര്‍ക്‌സിനോടുള്ള അടങ്ങാത്ത പ്രേമവുമായിരുന്നു അവരെ പരസ്പരം ഒട്ടിച്ചു ചേര്‍ത്തത്.

വിപ്ലവകരമായതിനെ മാത്രമേ പ്രണയം എന്ന് വിളിക്കാവൂ. അത്തരം പുസ്തകങ്ങളില്‍ നിന്നും കൂടിയാണ് അജി മാത്യു ഒരു കമ്യൂണിസ്റ്റായി മാറുന്നത്. വിപ്ലവകാരി ആകുന്നത്. ക്യൂബയിലെയും സോവിയറ്റ് യൂണിയനിലെയും ജര്‍മനിയിലെയും മുന്‍കാല കമ്യൂണിസ്റ്റു വീരനായകരുടെ ത്യാഗങ്ങളും, നീതിക്കും തുല്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും, പ്രണയവും അയാളുടെ ഞരമ്പുകള്‍ക്കു തീ കൊളുത്തുന്നു.

അയാള്‍ കണ്ടെത്തുന്ന കമ്യൂണിസം അതിര്‍ത്തികള്‍ സ്ഥാപിച്ചു മനുഷ്യര്‍ പരസ്പരം വെടിവെച്ച് മരിക്കുന്ന ഇന്നത്തെ ലോകത്തില്‍ ബൊളീവിയയിലെയും, നികാരാഗ്വയിലെയും, ക്യൂബയിലെയും, ലോകത്തെ എല്ലായിടത്തെയും, നിറത്തിന്റെയും , ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രങ്ങളുടെയും അതിര്‍ത്തികള്‍ തകര്‍ത്തെറിഞ്ഞു മനുഷ്യര്‍ കണ്ടെത്തുന്ന വിശ്വ സാഹോദര്യം ആണ് അല്ലെങ്കില്‍ ഗ്ലോബല്‍ കോമ്രേട്ഷിപ്പാണത്.

പാര്‍ട്ടി ആപ്പീസായി പ്രവര്‍ത്തിക്കുന്ന ആ വലിയ ലൈബറി എപ്പോഴും സിനിമയിലെ ആഴത്തിലുള്ള കഥയെ പറയാതെ പറയുകയും സിനിമയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്ന പ്രധാന ഇടം ആയി മാറുകയും ചെയ്യുന്നു. പ്രണയവും മൂലധനവും എന്ന കൃതിയും ഇ.എം.എസ് വായനശാലയും അജി മാത്യു എന്ന കഥാപാത്രവും മാത്രമാണ് സിനിമയില്‍ യഥാതഥമായ ഒരു തലം. മറ്റുള്ളവ ഭാവന കൂടിപിണഞ്ഞ തലങ്ങളാണ്.

മലയാളത്തില്‍ ഇന്‍സൈറ്റ് പബ്ലിക്ക ((https://www.facebook.com/insightpublica/) പ്രസിദ്ധീകരിച്ച ‘പ്രണയവും മൂലധനവും’ എന്ന പുസ്തകത്തെ സിനിമയില്‍ പ്രാധാന്യത്തോടെ കാണിക്കുന്നു. ഈ പുസ്തകം വായിച്ചവര്‍ക്കും മറ്റു ഇടതു ആഭിമുഖ്യം ഉള്ള സാഹിത്യം വായിച്ചവര്‍ക്കും ഒരു യുവാവിന്റെ, പ്രത്യേകിച്ച് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റായ യുവാവിന്റെ പ്രണയ സങ്കല്‍പ്പവും നീതിയോടും സമത്വത്തോടും ഉള്ള അതിതീവ്രമായ സത്യസന്ധതയും കൊണ്ട് ചില രംഗങ്ങള്‍ കാണികളെ വികാര ഭരിതമാക്കും.

അപ്പനായി അഭിനയിച്ച സിദ്ദിക്ക് അതിഗംഭീരം ആയിരിക്കുന്നു. കുടുബത്തിലെയും സൗഹൃദത്തിലെയും നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നമ്മളെ ചിരിപ്പിക്കും. സുഹൃത്തായ സഖാവ് സൗബിന്‍ ഷഹീറും, ലോക്കല്‍ നേതാവായി വന്ന ദിലീഷ് പോത്തനും, അമ്മയായി വന്ന പാര്‍വതിയും വളരെ നന്നായിരിക്കുന്നു. എഴുത്തുകാരനായ അമലിന്റെ അച്ഛന്‍ സി.ആര്‍ ഓമനക്കുട്ടന്‍ സാര്‍ കെ.എം മാണിയെ ഓര്‍മിപ്പിക്കുന്ന പാല്‍ക്കാരന്‍ കോണ്‍ഗ്രസ്സ് നേതാവ് കോര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഗംഭീരം ആയി.

നല്ല സൗണ്ട് മിക്‌സിങ്, എഡിറ്റിംഗ്, സ്‌പെഷ്യല്‍ എഫക്ട് ,രണ ദിവേയുടെ അതീവ ദൃശ്യംംെഭംഗി ഉള്ള കാമറാ വര്‍ക്ക് തുടങ്ങി സാങ്കേതിക മേഖലയില്‍ സിനിമ ഒന്നാംതരം കയ്യടക്കം കാണിക്കുന്നു. ചില ദൃശ്യങ്ങള്‍ പെയിന്റിങ് പോലെ മനോഹരം ആണ്. ദുല്‍ഖറിന്റെ മാസ് എന്‍ട്രിയിലും, വിവിധ ചോര തിളയ്ക്കുന്ന രംഗങ്ങളിലും തിയേറ്റര്‍ കാണികളുടെ ആരവങ്ങളില്‍ മുഴങ്ങുന്നു. കമ്യൂണിസത്തെ വിറ്റു കാശാക്കുന്നെ എന്നൊക്കെ നിലവിളിക്കുന്ന ബുദ്ധിജീവികള്‍ ഈ സിനിമക്ക് പോകേണ്ടതില്ല, ഒരു കൊമേര്‍ഷ്യല്‍ എന്റര്‍റ്റൈനെര്‍ ആണ്. പലപ്പോഴും കാശിനോടുള്ള അത്യാര്‍ത്തിയെയും പൊതുസമൂഹം കാണിക്കുന്ന നീതി ശൂന്യതയെയും ഒ.കെ നായകന്‍ ചോദ്യം ചെയ്യുന്നുണ്ട്.

അതിഭാവുകത്വം നിറഞ്ഞ രംഗങ്ങളും നല്ല റിയലിസ്റ്റിക് ആയ രംഗങ്ങളും കൂടി കലര്‍ത്തിയ ഒരു മധ്യവര്‍ത്തി സിനിമ ആണിത് . അന്ധമായ കമ്യൂണിസ്റ്റു വിരോധം ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഈ സിനിമ ഇഷ്ടമാകില്ല . പക്ഷെ എന്നും ഇടതായ , മതത്തിനും വിശ്വാസങ്ങള്‍ക്കും അപ്പുറം മാനവികതയെ എന്നും മുറുകെപ്പിടിച്ച, വിപ്ലവവും പ്രണയവും കൊണ്ടുനടന്ന, നമ്മള്‍ എല്ലാവരും മലയാളികള്‍ എന്ന് അഭിമാനിക്കുന്ന എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടം ആകും.

കമ്യൂണിസ്റ്റല്ലാത്തവര്‍ ആയ മലയാളികളില്‍ പോലും പ്രണയിക്കുന്ന വിപ്ലവകാരിയായ നീതിക്കു വേണ്ടി പോരടിക്കുന്ന ഒരു സഖാവ് ഉണ്ട് എന്ന് തിയേറ്ററിലെ കയ്യടികളും ആരവങ്ങളും തെളിയിക്കുന്നു.

താന്‍ ഒരു മലയാളി ആണെന്ന് അമേരിക്കയിലും അയാള്‍ അഭിമാനത്തോടെ പറയുന്നു. ഒരു പക്ഷെ സിറിയയിലെയും ,പലസ്തീനിലെയും, നിക്കാരാഗ്വയിലെയും ആഫ്രിക്കയിലെയും വേദനിക്കുന്ന മനുഷ്യരെക്കുറിച്ചു മലയാളികളെ പോലെ സംസാരിക്കുന്നവര്‍ ലോകത്തു എവിടെയും കാണില്ല.

ഒരു ലോകം മുഴുവന്‍ അവരുടെ മുന്നില്‍ ദൃശ്യം ആണ്, അത്തരം ഒരു മലയാളി ആയ, ഇങ്ങു ലോകത്തിന്റെ ഏതോ കോണിലുള്ള പാലായിലെ അജി മാത്യു, ഡൊണാള്‍ഡ് ട്രംപ് എന്ന വംശീയ വാദിയുടെ രാഷ്ട്രീയത്തിനെതിരെ വരെ പ്രതിഷേധിക്കുകയും അയാള്‍ തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ആളും ആണ്. മലയാളിയ്ക്കുറിച്ചുള്ള സ്വകാര്യമായ അഭിമാനം പോലും സിനിമ പരസ്യമായി കാണിക്കുന്നു. മലയാളികള്‍ കയ്യടിക്കുന്നു.

ചാര്‍ളി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകള്‍ ഇഷ്ട്ടപ്പെട്ടവര്‍ക്കു തീര്‍ച്ചയായും, ദുല്‍ഖര്‍ ഫാന്‍സുകള്‍ക്കു മൊത്തത്തിലും ഈ സിനിമ ഇഷ്ടമാകും.

Advertisement