കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ മോഷണം.
വിക്രാന്തിലെ നാല് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും റാമും പ്രൊസസറുമാണ് മോഷണം പോയത്. കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിലാണ് മോഷണം നടന്നത്.
കമ്പ്യൂട്ടറുകള്‍ തകര്‍ത്ത ശേഷമാണ് നാല് ഹാര്‍ഡ് ഡിസ്‌കുകള്‍, റാന്‍ഡം ആക്‌സസ് മെമ്മറി (റാം), പ്രോസസര്‍ എന്നിവ മോഷ്ടിച്ചത്.
കൊച്ചിന്‍ ഷിപ്യാര്‍ഡ് അധികൃതരുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി സൗത്ത് പോലീസിനു പരാതി ലഭിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി പോലീസ് മേധാവി ലോക്‌നാഥ് പറഞ്ഞു. പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. എസ്.ഐ.ടി ടീമിനാണ് അന്വേഷണ ചുമതല. പരാതിയെ ഗൗരവമായി തന്നെയാണ് കാണുന്നത്. ഗുരുതര സുരക്ഷാ ലംഘനമെന്ന് നടന്നിരിക്കുന്നതെന്നും ബെഹ്റ പറഞ്ഞു.
സി.ഐ.എസ്.എഫാണ് വിക്രാന്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. കപ്പലിനുള്ളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് മോഷണം നടന്നിരിക്കുന്നത്.
അതേസമയം കപ്പലിനുള്ളില്‍ സി.സി ടിവി ക്യാമറകളില്ലെന്നും നിരീക്ഷണ സെന്‍സറുകളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിന്റെ നിര്‍മ്മാണജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പ്രാരംഭ അന്വേഷണം.
നാവികസേനയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ പണി അവസാനഘട്ടത്തിലാണ്. 2009-ല്‍ ആരംഭിച്ച നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ്.
ഐ.എന്‍.എസ്. വിക്രാന്തിന്റെ നിര്‍മ്മാണം തുടങ്ങിയതു മുതല്‍ കനത്ത സുരക്ഷയിലായിരുന്നു ഷിപ്യാര്‍ഡ്. എന്നിട്ടും അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍ ഷിപ്യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. 262 മീറ്റര്‍ നീളവും 40,000 ടണ്‍ കേവുഭാരമുള്ള വിമാനവാഹിനി കപ്പലിന് 30 മിഗ് 28 കെ യുദ്ധവിമാനങ്ങളേയും 10 അന്തര്‍വാഹിനിവേധ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളേയും വഹിക്കാന്‍ കഴിയും. 196 ഓഫീസര്‍മാര്‍ക്കും 1449 സെയിലര്‍മാര്‍ക്കും കപ്പലില്‍ താമസിക്കാന്‍ സൗകര്യമുണ്ട്.
അതേസമയം കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മ്മിക്കുന്ന ഒരു വിമാനവാഹിനി കപ്പല്‍മാത്രമാണ് വിക്രാന്തെന്ന് നാവികസേന അറിയിച്ചു. കപ്പല്‍ നാവികസേനയ്ക്ക് കൈമാറിയാല്‍മാത്രമേ ഐ.എന്‍.എസ്. വിക്രാന്ത് എന്ന പേര് നല്‍കുകയുള്ളു.
നാവികസേനയ്ക്കു കപ്പല്‍ കൈമാറാത്തതിനാല്‍ നാവികസേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നും അതിനാല്‍ സുരക്ഷാ സംബന്ധമായ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.