തെരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണമുണ്ടാവുമെന്ന രാജ് താക്കറെയുടെ വെളിപ്പെടുത്തല്‍ ഗുരുതരം; അന്വേഷണം ആവശ്യപ്പെട്ട് പരാതി
Pulwama Terror Attack
തെരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണമുണ്ടാവുമെന്ന രാജ് താക്കറെയുടെ വെളിപ്പെടുത്തല്‍ ഗുരുതരം; അന്വേഷണം ആവശ്യപ്പെട്ട് പരാതി
ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 11:14 am

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന എം.എന്‍.എസ് നേതാവ് രാജ്താക്കറെയുടെ മുന്നറിയിപ്പ് ഗുരുതരമാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതി. മഹാരാഷ്ട്രയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ എസ്. ബാലകൃഷ്ണനാണ് ചെമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോ പുല്‍വാമ പോലെ മറ്റൊരു ആക്രമണം രാജ്യത്ത് ഉണ്ടാകുമെന്ന് താക്കറെ പറഞ്ഞുവെന്ന് പരാതിയില്‍ ബാലകൃഷ്ണന്‍ പറയുന്നു. രാജ്യത്തെ മുതിര്‍ന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരനാണ് രാജ്താക്കറെയെന്നും അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവകരമായെടുക്കണമെന്നും എസ്. ബാലകൃഷ്ണന്‍ പറയുന്നു.

എസ്. ബാലകൃഷ്ണന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ചെമ്പൂര്‍ പൊലീസ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പുല്‍വാമ ഭീകരാക്രമണം പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാര്‍ച്ച് 9ന് എം.എന്‍.എസ് പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്താക്കറെ പ്രസംഗിച്ചിരുന്നത്.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ആക്രമണമെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോയെന്നും താക്കറെ പറഞ്ഞിരുന്നു.

പ്രസംഗത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലടക്കമുള്ളവരെയും താക്കറെ വിമര്‍ശിച്ചിരുന്നു.

40 ജവാന്മാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായി. എന്നിട്ടും നമ്മള്‍ ചോദ്യം ചോദിക്കരുതെന്നാണോ ? ഡിസംബറില്‍ അജിത് ദോവല്‍ പാകിസ്ഥാനില്‍ അദ്ദേഹത്തിന്റെ പദവി വഹിക്കുന്ന ആളുമായി ബാങ്കോക്കില്‍ ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് ആരാണ് പറയുകയെന്നും താക്കറെ ചോദിച്ചിരുന്നു.