എഡിറ്റര്‍
എഡിറ്റര്‍
വേങ്ങരയില്‍ സമസ്തയെ ലീഗിന് അനുകൂലമായി ഉപയോഗിക്കുന്നുവെന്ന് അബ്ദു സമദ് പൂക്കോട്ടോരുനെതിരെ സമസ്തയ്ക്ക് പരാതി
എഡിറ്റര്‍
Tuesday 10th October 2017 10:46pm

മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരിനെതിരെ എസ്.കെ.എസ്.എസ്.എഫ് സമസ്ത കേരള ജംഇയത്തുലമയ്ക്ക് പരാതി നല്‍കി. സമസ്തയെ ലീഗിന് വേണ്ടി വേങ്ങരയില്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന് എസ്.കെ.എസ്.എസ്.എഫിലെ ഒരു വിഭാഗം പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വേങ്ങരയില്‍ ബദറ് പള്ളിയ്ക്കടുത്ത അറബിക് കോളേജില്‍ വച്ച് എസ്.വൈ.എസിന്റേയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രവര്‍ത്തകരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ലീഗിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമസ്തയുടെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.


Also Read:  വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


നിലവില്‍ ലീഗ് നേതാവു കൂടിയായ അബ്ദു സമദ് പൂക്കോട്ടൂരിന് വ്യക്തിപരമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവകാശമുണ്ടെങ്കിലും സമസ്തയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു. വ്യക്തികള്‍ക്ക് രാഷ്ട്രീയം ആവാം, എന്നാല്‍ സമസ്തയ്ക്ക് രാഷ്ട്രീയം പാടില്ലെന്നുള്ള പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണിതെന്നും യോഗത്തില്‍ ഒരുവിഭാഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

യോഗത്തില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തിരുന്നു. ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം ധാരണയാകാതെ അവസാനിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. വേങ്ങര മണ്ഡലത്തില്‍ ലീഗിന്റെ ഭൂരിപക്ഷം കുറയാന്‍ സാധ്യതയുണ്ടെന്നും അത് സമസ്തയുടെ ചാനല്‍ വഴി പരിഹരിക്കണമെന്നുമായിരുന്നു പൂക്കോട്ടൂരിന്റെ ആവശ്യം.

എന്നാല്‍ പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും സമസ്ത കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു.

Advertisement