'പ്രായം കണക്കിലെടുക്കുന്നു', ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ല; സോളാര്‍ കേസിലെ പരാതിക്കാരി
Kerala News
'പ്രായം കണക്കിലെടുക്കുന്നു', ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ല; സോളാര്‍ കേസിലെ പരാതിക്കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2022, 11:40 am

തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിയുമായി മുന്നോട്ടുപോകില്ലെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി. അദ്ദേഹത്തിന്റെ പ്രായവും മറ്റ് കാര്യങ്ങളും കണക്കിലെടുത്താണ് നടപടിയെന്ന് അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും അവര്‍ അറിയിച്ചു.

ആയുര്‍വേദ ചികിത്സയിലായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നില്ലെന്നാണ് ഇപ്പോള്‍ സി.ബി.ഐയുടെ കണ്ടത്തെല്‍.

മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിക്കുന്നത് കണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍ ജോര്‍ജ് സി.ബി.ഐക്ക് നല്‍കിയ മൊഴിയില്‍ അതിനെക്കുറിച്ച് പറയുന്നില്ല. പരാതിയില്‍ പറയുന്ന തിയ്യതികളെല്ലാം വസ്തുതയോട് ചേര്‍ന്നുപോകാത്തതാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മൊഴി മാറ്റി നല്‍കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കുമാണ് സോളാര്‍ പീഡന കേസില്‍ സി.ബി.ഐ ക്ലീന്‍ ചീറ്റ് നല്‍കിയത്. നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ കുറ്റവിമുക്തരായി.

ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലിന്‍ ചീറ്റ് നല്‍കിയത് സംബന്ധിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പീഡന പരാതി ഉയര്‍ന്നുവന്നിരുന്നത്. ആദ്യം ക്രൈംബ്രാഞ്ചായിരുന്നു കേസ് നടത്തിയിരുന്നത്. പീന്നാട് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

Content Highlight:  Complainant in the solar harassment case will not proceed with any further charges against former Chief Minister Oommen Chandy