ഹജ്ജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കിയാല്‍ കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാം: പുനര്‍നാമകരണത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം
National
ഹജ്ജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കിയാല്‍ കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാം: പുനര്‍നാമകരണത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം
ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 1:38 pm

ബംഗളൂരു: ബംഗളൂരുവിലെ ഹജ്ജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കിയാല്‍ കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന് ബി.ജെ.പി. നേതാവ് കെ.ജി. ബൊപ്പയ്യ. ഹജ്ജ് ഭവന്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ അറിയപ്പെടണമെന്നാണ് തന്റെ പാര്‍ട്ടിയുടെ ആഗ്രഹം എന്ന് ബൊപ്പയ്യ അറിയിച്ചതോടെ നാമകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

പുനര്‍നാമകരണം നടത്താനാണ് തീരുമാനമെങ്കില്‍ വിഷയം പാര്‍ട്ടി ഗൗരവമായെടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ പ്രസ്താവിച്ചിരുന്നു. “മക്കയിലേക്ക് യാത്രതിരിക്കാനായി ബാംഗ്ലൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങാനുള്ള ഇടമായാണ് ഹജ്ജ് ഭവന്‍ വിഭാവനം ചെയ്തത്. ഒന്നുകില്‍ ഹജ്ജ് ഭവനെന്ന് വിളിച്ചോളൂ, അല്ലെങ്കില്‍ ഡോ. കലാമിന്റെ പേരു നല്‍കിക്കോളൂ.” യെദ്യൂരപ്പ പറയുന്നു.

“എല്ലാ ബി.ജെ.പി. നേതാക്കള്‍ക്കും ഹജ്ജ് ഭവന്‍ കലാംജിയുടെ പേരില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം, ടിപ്പു സുല്‍ത്താന്റെയല്ല.” യെദ്യൂരപ്പയെ പിന്താങ്ങിക്കൊണ്ട് ബൊപ്പയ്യ പറയുന്നു.


Also Read: മൂന്നാറിലെ വീട് നിര്‍മാണം: എന്‍.ഒ.സി പിന്‍വലിക്കാന്‍ കെ.എം മാണിയുടെ അടിയന്തര പ്രമേയം; പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി


ഹജ്ജ് ഭവനു ടിപ്പു സുല്‍ത്താന്റെ പേരു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ കര്‍ണാടകയിലുടനീളം വര്‍ഗ്ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് താന്‍ ഭയക്കുന്നതായും ബൊപ്പയ്യ പറഞ്ഞു.

ഹജ്ജ് ഭവന്റെ പേര് “ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ ഹജ്ജ് ഘര്‍” എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാസസ്ഥലമൊരുക്കുന്ന ഹജ്ജ് ഭവനെ ടിപ്പു സുല്‍ത്താന്റെ സ്മരണാര്‍ത്ഥം പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ഹജ്ജ് കമ്മറ്റി മീറ്റിങ്ങില്‍ ഉയര്‍ന്നതായി അഹമ്മദ് ഖാന്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read: സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം


ഹജ്ജ് ഭവന്‍ മുസ്‌ലിം വിഭാഗക്കാര്‍ക്ക് ഒട്ടാകെ വേണ്ടിയുള്ളതാണെന്നും, ടിപ്പുവിന്റെ ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും കാണിച്ചാണ് ബി.ജെ.പി. പുനര്‍നാമകരണത്തെ എതിര്‍ക്കുന്നത്.

യെദ്യൂരപ്പ സര്‍ക്കാറിന്റെ വികസന പദ്ധതികളുടെ ഭാഗമാണ് ഹജ്ജ് ഭവനെന്നും, ടിപ്പുവിന്റെ പേരു നല്‍കി പദ്ധതി ഹൈജാക്ക് ചെയ്യാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമമെന്നും ആരോപണമുന്നയിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോക നേരത്തെ മുന്നോട്ടു വന്നിരുന്നു.

ഒരു കാരണവശാലും ഹജ്ജ് ഭവനു ടിപ്പു സുല്‍ത്താന്റെ പേരു നല്‍കരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പി സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടങ്ങള്‍ നടത്തുമെന്നും എം.പി. ശോഭാ കര്‍ണാദ്‌ലജേ പറഞ്ഞിരുന്നു.


Also Read: സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം


എന്നാല്‍, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര്‍ പറയുന്നു. “ഒന്നുമില്ലായ്മയില്‍ നിന്നും വിവാദങ്ങളുണ്ടാക്കാന്‍ ബി.ജെ.പിക്ക് വലിയ ഇഷ്ടമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നിരിക്കെ, എങ്ങിനെയാണ് ബി.ജെ.പിക്ക് ഞങ്ങളെ കുറ്റപ്പെടുത്താനാവുക? മുന്‍പു ചെയ്തതു തന്നെയാണ് അവര്‍ ഇപ്പോഴും ചെയ്യുന്നത്. ഇതില്‍ പുതുമയൊന്നുമില്ല.” പരമേശ്വര്‍ മാധ്യമങ്ങളോടു പറഞ്ഞു.