രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനം നടത്തുന്നു; യൂറോപ്പിൽ നിന്നുള്ള കൂടുതൽ വ്യക്തികളെയും സംഘടനകളെയും ഇറാൻ ബ്ലാക്ക് ലിസ്റ്റ് ചെയ്തു
World News
രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനം നടത്തുന്നു; യൂറോപ്പിൽ നിന്നുള്ള കൂടുതൽ വ്യക്തികളെയും സംഘടനകളെയും ഇറാൻ ബ്ലാക്ക് ലിസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 10:59 pm

ടെഹ്റാൻ: യൂറോപ്പിൽ നിന്നുള്ള കൂടുതൽ വ്യക്തികളെയും സംഘടനകളെയും ബ്ലാക്ക് ലിസ്റ്റ് ചെയ്ത് ഇറാൻ. രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനെ അസ്വസ്ഥതപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടത്തുന്നുവെന്നാരോപിച്ചാണ് ഇറാന്റെ നടപടി.

രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 22 വ്യക്തികളെയും മൂന്ന് സംഘടനകളെയും യു.കെയിൽ നിന്നുള്ള ഒരു സംഘടനെയും എട്ട് വ്യക്തികളെയുമാണ് ബുധനാഴ്ച ബ്ലാക്ക് ലിസ്റ്റ് ചെയ്തത്.

പാരിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂത സമൂഹം നേതൃത്വം നൽകുന്ന ഒരു റേഡിയോ സ്റ്റേഷൻ, യൂറോപ്യൻ പാർലമെന്റിലെ ഇസ്രാഈൽ അനുകൂല നിലപാടുള്ള രാഷ്ട്രീയ നേതാക്കൾ, 1980ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ രാസായുധങ്ങൾ ഇറാഖിന് വിറ്റ ഒരു ലബോറട്ടറി, പൊലീസ് മിലിട്ടറി അധികൃതർ, ഇറാനിയൻ നേതാക്കളെ അതിക്ഷേപിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിൻ ചാർലി ഹെബ്ഡോയുടെ മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ,  ഖുർആനെ അവഹേളിച്ച രണ്ട് നെതർലാൻഡ്സ് തീവ്ര വലത് പക്ഷ എം.പിമാർ എന്നിവരെയാന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പ്രധാനമായും ഇറാൻ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യു.കെയിൽ നിന്നും ഹെൻറി ജാക്സൺ സൊസൈറ്റി, നിരവധി മിലിട്ടറി ഓഫീസർമാർ, ഇന്റലിജെൻസ് ഓഫീസർമാർ, ബ്രിട്ടീഷ് പ്രിസൺസ് അതോറിറ്റി ചീഫ് എന്നിവരെയാണ് ഇറാൻ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്ലാക്ക് ലിസ്റ്റ് ചെയ്ത വ്യക്തികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ രാജ്യത്തിനുള്ളിൽ വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല.
ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട സംഘടനകൾക്കും കമ്പനികൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ല. കൂടാതെ ഈ സംഘടനകൾക്ക് രാജ്യത്ത് വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല.

നിരവധി ഇറാനിയൻ അധികൃതർക്കും സംഘടനകൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി രണ്ടാം ദിനമാണ് ഇറാന്റെ നടപടി.


ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ നടത്തുന്ന ‘തീവ്രവാദപ്രവർത്തനങ്ങൾ’ തുടർന്നാൽ കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയനും യു.കെക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Content Highlights:Committing terrorist act against the country; Iran has blacklisted more individuals and organizations from Europe