ചോദ്യങ്ങള്‍ ചോദിച്ച് എന്നെ വിഷമിപ്പിക്കരുത്, പോയി ചൗഹാനോട് ചോദിക്കൂ; ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള രാജിയില്‍ ഇമാര്‍തി ദേവി
Daily News
ചോദ്യങ്ങള്‍ ചോദിച്ച് എന്നെ വിഷമിപ്പിക്കരുത്, പോയി ചൗഹാനോട് ചോദിക്കൂ; ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള രാജിയില്‍ ഇമാര്‍തി ദേവി
ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 4:42 pm

ന്യൂദല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാജിവെച്ചിരിക്കുകയാണ് മുന്‍ വനിതാ-ശിശു വികസന മന്ത്രിയും രാജ്യസഭാ എം.പിയുമായ ഇമാര്‍തി ദേവി സുമന്‍.

ദാബ്ര സീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടായിരുന്നു പരാജയപ്പെട്ടത്. തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഇവര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാജിപ്രഖ്യാപിക്കുന്നത്. രാജി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇമാര്‍തി ദേവി പറഞ്ഞത്. എന്നാല്‍ രാജിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇമാര്‍തിയുടെ മറുപടി ഇങ്ങനെയായിരുന്നു.

”ഞാന്‍ എന്റെ രാജി ഭായ് സാഹബിന് (ചൗഹാന്‍) കൈമാറിയിട്ടുണ്ട്, അദ്ദേഹം അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യട്ടെ. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ സ്ഥിരീകരണം തേടണം. വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച് എന്നെ വിഷമിപ്പിക്കുന്നത് എന്തിനാണ്’, എന്നായിരുന്നു. ഇമാര്‍തി ദേവിയുടെ പ്രതികരണം.

ഇമാര്‍തി ദേവിക്കൊപ്പം സഹമന്ത്രിമാരായ ഐഡല്‍ സിംഗ് കന്‍സാന, ഗിരാജ് ദണ്ടോതിയ എന്നിവരും ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. അവര്‍ നേരത്തെ തന്നെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. എന്നിട്ടും രാജിക്കൊരുങ്ങാത്ത ഇമാര്‍തിയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മന്ത്രിയായി തുടരുന്നതിലെ പൊരുത്തക്കേട് ചോദ്യം ചെയ്ത് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഇമാര്‍തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്.

സിന്ധ്യ ക്യാമ്പില്‍ നിന്നും ശിവരാജ് സിങ് ചൗഹാനൊപ്പമെത്തിയ മൂന്ന് മന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ഇതില്‍ ഇമാര്‍തി ദേവിയാണ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കമല്‍ നാഥ് നടത്തിയ ഐറ്റം പരാമര്‍ശത്തോടെ ഇമാര്‍തി ദേവിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗ്വാളിയാര്‍ ദബ്‌റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയായിരുന്നു ഇമാര്‍തിയെ കമല്‍നാഥ് ഐറ്റം എന്ന് അഭിസംബോധന ചെയ്തത്.

എന്നാല്‍ തന്റെ പ്രസ്താവന ആരെയും അപമാനിക്കാനായി അല്ലെന്നും, പേര് മറന്നുപോയതിനാല്‍ പട്ടികയില്‍ ഒന്ന്, രണ്ട് എന്ന് പറയുന്നത് പോലെ പറഞ്ഞതാണെന്നും അത് അപമാനിക്കലാകുന്നത് എങ്ങനെയാണെന്നുമായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. പിന്നീട് കമല്‍നാഥ് ഇതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇമാര്‍തി ദേവി ഉള്‍പ്പടെ 22 എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ നിലം പതിച്ചത്.

എന്നാല്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവര്‍ക്കും വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നിയമനങ്ങള്‍ ലഭിക്കുമെന്നാണ് ബി.ജെ.പിയിലെ ചില നേതാക്കള്‍ സൂചിപ്പിച്ചത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Comment On Imarti Devi who Quits After MP Bypoll loss