'ഇത്തരം ആളുകളെ വെറുതെവിടാന്‍ പാടില്ല; അന്യമതക്കാരുടെ വിശ്വാസങ്ങളെ അപമാനിച്ചത് ശരിയായില്ലെന്ന് മുനാവര്‍ ഫാറൂഖിയോട് മധ്യപ്രദേശ് ഹൈക്കോടതി
national news
'ഇത്തരം ആളുകളെ വെറുതെവിടാന്‍ പാടില്ല; അന്യമതക്കാരുടെ വിശ്വാസങ്ങളെ അപമാനിച്ചത് ശരിയായില്ലെന്ന് മുനാവര്‍ ഫാറൂഖിയോട് മധ്യപ്രദേശ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 8:51 pm

ഭോപ്പാല്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഹരജി പരിഗണിക്കുന്നതിനിടെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

രോഹിത് ആര്യ അധ്യക്ഷനായ ബെഞ്ചാണ് ഫാറൂഖിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. എന്തിനാണ് മറ്റ് മതസ്ഥരുടെ മതവികാരങ്ങളെ അപമാനിക്കുന്നതെന്ന് കോടതി ഫാറൂഖിയോട് ചോദിച്ചു.

‘എന്തിനാണ് നിങ്ങള്‍ അന്യമതസ്ഥരുടെ വിശ്വാസങ്ങളെയും മതവികാരങ്ങളെയും അപമാനിക്കുന്നത്? നിങ്ങളുടെ സ്വന്തം കാര്യത്തിന് വേണ്ടി എങ്ങനെ മതത്തെ ഉപയോഗിക്കാന്‍ തോന്നി’? കോടതി പറഞ്ഞു.

ഹിന്ദു ദൈവമായ ശ്രീരാമനെയും സീതാദേവിയേയും അപമാനിക്കുന്ന രീതിയില്‍ പരിപാടികള്‍ ഫാറൂഖി സംഘടിപ്പിച്ചെന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ വെറുതെ വിടാന്‍ പാടില്ലെന്നും ഉടന്‍ തന്നെ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

2020 മേയില്‍ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാരോപിച്ചാണ് ഫാറൂഖിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഫാറൂഖിയ്ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ മധ്യപ്രദേശ് പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ ഫാറൂഖിയ്ക്ക് ജാമ്യം അനുവദിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഫാറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു.

ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.

മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: MP HC On Munavar Farooqi’s Bail Plea