ജെറുസലേം: പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയ. കഴിഞ്ഞയാഴ്ച സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് തീരുമാനം കൈക്കൊണ്ടതെന്ന് കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പലസ്തീനെ അംഗീകരിച്ച തീരുമാനം നിയമപരമാണെന്നും എന്നാല്‍ മുന്‍ പ്രസിഡന്റിന്റെ നടപടി പഠിക്കുമെന്നും കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പുതിയ പ്രസിഡന്റ് ഇവാന് ഡ്യൂക്ക് ചൊവ്വാഴ്ചയാണ് ചുമതലയേറ്റത്. തീരുമാനം ശരിവെച്ചാല്‍ പലസ്തീനെ അംഗീകരിക്കുന്ന 137ാമത് ലോകരാഷ്ട്രമാവും കൊളംബിയ.
മാനുവല്‍ സാന്റോസ് പലസ്തീന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മല്ക്കിയ്ക്കാണ് പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്ന കത്ത് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരിന്റെ നടപടിയില്‍ കൊളംബിയയിലെ ഇസ്രഈല്‍ എംബസി പ്രതികരിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരെടുത്ത തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രഈല്‍ പ്രതികരിച്ചു.
ഗാസയിലെ സംഘര്‍ഷം ചൂണ്ടിക്കാട്ടി കൊളംബിയന്‍ സന്ദര്‍ശനം ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു.