എഡിറ്റര്‍
എഡിറ്റര്‍
‘വലതുപക്ഷ ഫാസിസത്തിനെതിരെ ഒരുമിച്ച്’ കെജ്‌രിവാളും യോഗേന്ദ്ര യാദവും ഒരുമിക്കുന്നു: ഒക്ടോബര്‍ 5ന് ദല്‍ഹിയില്‍ കൂറ്റന്‍ റാലി
എഡിറ്റര്‍
Tuesday 26th September 2017 10:58am

ന്യൂദല്‍ഹി: രണ്ടുവര്‍ഷത്തെ അകല്‍ച്ചയ്ക്കുശേഷം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു യോഗേന്ദ്ര യാദവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

വലതുപക്ഷ ഫാസിസത്തിനെതിരെ ഐക്യപ്പെടുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ഒരുമിക്കുന്നത്. എ.എ.പി, യോഗേന്ദ്ര യാദവ് നയിക്കുന്ന സ്വരാജ് അഭിയാന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ട്രേഡ് യൂണിയനുകളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ഈ പോരാട്ടത്തില്‍ അണിചേരും.

‘ജനാധിപത്യത്തെ രക്ഷിക്കാനുള്ള ജനാധിപത്യ സഖ്യം’ എന്നാണ് ഈ ഫോറം സ്വയം വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിന്റെ തുടക്കമെന്നോണം ഒക്ടോബര്‍ അഞ്ചിന് ദല്‍ഹിയില്‍ വമ്പന്‍ റാലി സംഘടിപ്പിക്കാനും ഫോറം പദ്ധതിയിട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം, പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് റാലി സംഘടിപ്പിക്കുക.


Must Read: നഗ്നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത ആരാണ് സംരക്ഷിക്കുക


‘ഇതാണ് പ്രതികരിക്കേണ്ട സമയം. വലതുപക്ഷ ഫാസിസത്തില്‍ നിന്നും വിശാലമായ ജനാധിപത്യ സഖ്യത്തിലൂടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് ഞങ്ങള്‍ എല്ലാ പൗരന്മോടും ആവശ്യപ്പെടുന്നു.’ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മന്ദി ഹൗസിനും ജന്തര്‍മന്തറിനുമിടയില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് റാലി നടക്കുക.

അടുത്തിടെ ഈ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് നര്‍മ്മദാ ബചാഓ സമരത്തെ പിന്തുണച്ചിരുന്നു.

Advertisement