ദീപക് ഹൂഡയോട് പ്രാക്ടീസിന് കയറിപ്പോവരുതെന്ന് പരിശീലകന്‍ പറഞ്ഞു; കാരണമിത്
Cricket
ദീപക് ഹൂഡയോട് പ്രാക്ടീസിന് കയറിപ്പോവരുതെന്ന് പരിശീലകന്‍ പറഞ്ഞു; കാരണമിത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd August 2022, 11:35 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരങ്ങളില്‍ ഒരാളാണ് ദീപക് ഹൂഡ. ഇറങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ എല്ലാം തന്നെ മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ടാക്കി എടുക്കാന്‍ ഈ 27 വയസുകാരന് സാധിച്ചിട്ടുണ്ട്. ദീപ്ക് ഹൂഡ ഇറങ്ങിയ മത്സരങ്ങളില്‍ എല്ലാം തന്നെ ഇന്ത്യക്ക് വിജയിക്കാനായി എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

ഹൂഡയുടെ പ്രൊഫഷണല്‍ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2022നെ വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയിലായിരുന്നു ഹൂഡ അന്താരാഷ്ട്ര തലത്തില്‍ തന്റെ അരങ്ങേറ്റം നടത്തിയത്.

ഇന്ത്യയുടെ സമീപകാല സെന്‍സേഷനായി തിളങ്ങി നില്‍ക്കുകയാണിപ്പോള്‍ താരം. അതിനിടെയാണ് പരിശീലകനായ ആര്‍. ശ്രീധര്‍ ഹൂഡയുടെ പരിശീലന സമയങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചത്.

പവര്‍ ഹിറ്റിങ്ങിന്റെ സമയത്ത് താന്‍ ഹൂഡക്ക് അവസരം നല്‍കാറില്ലെന്നും അതിന് കാരണം അവന്‍ പന്തടിച്ച് കളയും എന്നതാണെന്നും ശ്രീധര്‍ പറയുന്നു.

‘പവര്‍ ഹീറ്റിങ് സെഷന്‍ നടത്താറുള്ളപ്പോള്‍ ഹൂഡക്ക് അവസരം നല്‍കാറില്ല. കാരണം അവന്‍ പന്തടിച്ചു ഗ്രൗണ്ടിന്റെ വെളിയില്‍ കളയും. അതിനാല്‍ വിലപിടിച്ച വൈറ്റ് ബോളുകള്‍ നഷ്ടമാകുന്നത് സ്ഥിരം സംഭവമായിരുന്നു. ഇതുകൊണ്ടാണ് ഞാന്‍ അവന് അവസരം നിഷേധിച്ചത്,’ അദ്ദേഹം പറയുന്നു.

എന്നാല്‍ ഹൂഡക്ക് പവര്‍ ഹീറ്റിങ് സെഷന്‍ വളരെ ഇഷ്ടമായിരുന്നു എന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.