എഡിറ്റര്‍
എഡിറ്റര്‍
‘കടക്ക് പുറത്ത്’ വിവാദത്തില്‍ മസ്‌ക്കറ്റ് ഹോട്ടല്‍ ജീവനക്കാരോട് വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
എഡിറ്റര്‍
Tuesday 1st August 2017 8:36pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം ഉയരവേ മുഖ്യമന്ത്രിയുടെ ഓഫീസ് മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. സമാധാന ചര്‍ച്ച നടന്ന ഹോട്ടലിലേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരാണ് പ്രവേശനം നല്‍കിയതെന്നും യോഗത്തിന്റെ ചിത്രം പകര്‍ത്താന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയത്.

മാധ്യമപ്രവര്‍ത്തകരെ തടയാറില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും വിശദീകരണം തേടിയെന്നാണ് സൂചന. ഹോട്ടല്‍ മാനേജര്‍ അലക്‌സ് അടക്കം മൂന്നുപേരോടാണ് വിശദീകരണം തേടിയത്.


Also Read:ക്രിക്കറ്റ് ആവേശം ഇനി ഇരട്ടിക്കും; കൊച്ചിക്കു പിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 മത്സരവേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും


തലസ്ഥാനത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം വിളിച്ചുചേര്‍ത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് ‘ കടക്ക് പുറത്ത്’ എന്നാണ് മുഖ്യമന്ത്രി ആക്രോശിച്ചത്.

ദേശീയ മാധ്യമങ്ങളിലടക്കം സംഭവം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹോട്ടല്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement