എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും നമുക്കൊന്നിച്ച് അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി
kERALA NEWS
എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും നമുക്കൊന്നിച്ച് അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 12:41 pm

വയനാട്: പ്രകൃതി ദുരന്തത്തില്‍ സംസ്ഥാനം നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കുമൊന്നിച്ച് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാവുമെന്നും അദ്ദേഹം ക്യാമ്പിലുള്ള ആളുകള്‍ക്ക് ഉറപ്പ് നല്‍കി.

ദുരന്തത്തെ തുടര്‍ന്ന് സ്ഥലം പോയവരുണ്ട്, സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വീടുകളില്‍ വെള്ളം കയറിയും ചെളികെട്ടിനില്‍ക്കുന്നതുമായ പ്രശ്നങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ നമുക്കൊരുമിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കാണാതായ കുറച്ചു പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും. എല്ലാത്തിന്റെയും ഒപ്പമുണ്ടാകും. എല്ലാത്തരത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനോടൊപ്പം നിന്നുതന്നെ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും. മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 10.50നാണ് മുഖ്യമന്ത്രി മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എ സി.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.