'മന്ത്രിമാര്‍ ചെന്ന് കാലുപിടിച്ചെന്ന പരാമര്‍ശം ശരിയായില്ല'; കെ. സി ജോസഫിന് മറുപടിയുമായി മുഖ്യമന്ത്രി
Kerala News
'മന്ത്രിമാര്‍ ചെന്ന് കാലുപിടിച്ചെന്ന പരാമര്‍ശം ശരിയായില്ല'; കെ. സി ജോസഫിന് മറുപടിയുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 11:29 am

തിരുവനന്തപുരം: പ്രത്യേക നിയമസഭ ചേരുന്നതിന് ഗവര്‍ണറെ പോയി കണ്ടത് കാലുപിടിക്കലായി വ്യാഖ്യാനിച്ച കെ. സി ജോസഫിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഗതിയില്‍ ഗവര്‍ണറെ പോയി കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു പിണറായി പറഞ്ഞത്.

ആദ്യഘട്ടത്തില്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ അത് ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് മറ്റൊരു നടപടിയിലേക്കും കടക്കാതിരുന്നത്.

അവസാനമാണ് അംഗീകാരമില്ല എന്നത് വരുന്നത്. അംഗീകാരം തന്നില്ലെങ്കില്‍ നിയമസഭ വിളിച്ച് കൂട്ടാന്‍ പറ്റില്ല. ആ ഘട്ടത്തില്‍ എം.എല്‍.എമാര്‍ക്ക് യോഗം ചേര്‍ന്ന് പ്രതിഷേധം നടത്തിക്കൂടെ തുടങ്ങിയ അഭിപ്രായങ്ങള്‍ വന്നു. പക്ഷെ ഏറ്റവും പ്രധാനം നിയമസഭയിലൂടെ പ്രമേയം വരലാണല്ലോ. എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാല്‍ യോഗം മാത്രമേ ആകുന്നുള്ളു. അത് നിയമസഭയാകുന്നില്ല.

ഗവര്‍ണര്‍ എടുത്ത നിലപാട് ശരിയല്ല എന്ന് അദ്ദേഹത്തെ അറിയിക്കുക എന്നതാണ് ആദ്യം വേണ്ടത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഒട്ടേറെ കോടതി വിധികളുണ്ട്. ആ വിധികളെല്ലാം ഉദ്ധരിച്ച് കൊണ്ട് ഗവര്‍ണറെ അറിയിച്ചു. അതോടൊപ്പം നിയമസഭ ചേരാനുള്ള തീരുമാനം മന്ത്രിസഭയെടുത്തു. നമ്മുടെ അവകാശം ഹനിക്കപ്പെട്ടുകൂട എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗവര്‍ണറെ രാജ്യസഭയില്‍ പോയി കാണുന്നതിന് സാധാരണഗതിയില്‍ ഒരു അസാംഗത്യവും ഇല്ല. അദ്ദേഹം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കല്‍ ഭരണഘടനാ പരമാണ്. നിലവിലുള്ള സ്ഥിതികള്‍ അദ്ദേഹത്തോട് ധരിപ്പിക്കുക എന്നത് കാലുപിടുത്തമായി ചിത്രീകരിച്ചത്, കെ. സി ജോസഫ് ആയത് കൊണ്ട് ഭരണഘടനാ അവബോധത്തിന്റെ കുറവാണെന്ന് പറയാനും വയ്യ. അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിലൊക്കെ നല്ല പരിജ്ഞാനമുള്ള ആളാണ് എന്നാണല്ലോ. അതുകൊണ്ട് എന്താണ് അങ്ങനെയൊരു നിലപാടെടുത്തത് എന്ന് മനസിലാകുന്നില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

കെ. സി ജോസഫ് ഭേദഗതിയായി അവതരിപ്പിച്ച കാര്യങ്ങളില്‍ ‘ചില’ എന്ന കാര്യങ്ങള്‍ ഒഴിവാക്കണം എന്നാണ്. അത് സ്വീകരിക്കാം. പ്രമേയത്തില്‍
‘ചില’ എന്ന വാക്ക് ഒഴിവാക്കിയാലും അതില്‍ അര്‍ത്ഥവ്യത്യാസമൊന്നും സംഭവിക്കുന്നില്ല.

ഗവര്‍ണര്‍ ആദ്യഘട്ടത്തില്‍ അനുമതി നിഷേധിച്ചപ്പോള്‍ അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയില്ല, മന്ത്രിമാര്‍ പോയി കാലുപിടിച്ച് തീരുമാനത്തിലേക്ക് എത്തിക്കുകയാണ് ചെയ്തത് എന്ന പരാമര്‍ശത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

അദ്ദേഹത്തിന്റെ ഗവര്‍ണര്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം, ഭരണഘടനാ ദത്തമായ കടമകള്‍, ചുമതലകള്‍, ഇതൊക്കെ നിര്‍വഹിക്കാന്‍ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഇവിടെ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. എല്ലാ കാര്യത്തിലും വിവേചനാധികാരം ഗവര്‍ണര്‍ക്കില്ല. നിയമസഭ വിളിച്ച് ചേര്‍ക്കുന്ന കാര്യത്തില്‍ അനുച്ഛേദം 174 പ്രകാരം ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് അവിടെ ഒരു വിവേചനാധികാരവും പ്രയോഗിക്കാന്‍ കഴിയില്ല.

ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്കൊന്നും കടക്കുന്നില്ലെന്നും ഇവിടുത്തെ വിഷയം അതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഒരുമിച്ച് പ്രമേയം പാസാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ നല്‍കുന്ന സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കുക, നമ്മുടെ വികാരം പ്രകടിപ്പിക്കുക എന്നതാണ്. കേരളത്തിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ നാം വിവിധ നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ടെന്നത് കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരാള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് പാസാക്കാന്‍ കഴിയുന്ന പ്രമേയമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan replied to KC Joseph in legislative assembly