വിധിയില്‍ വ്യക്തത വരുത്തേണ്ടതുണ്ട്; സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി
Sabarimala women entry
വിധിയില്‍ വ്യക്തത വരുത്തേണ്ടതുണ്ട്; സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 6:09 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയില്‍ നിയമോപദേശം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുണ്ടായ വിധിയില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും എന്നാല്‍ പുന:പരിശോധന ഹര്‍ജി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുന:പരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതില്‍ വ്യക്തത വരണം. നിലവില്‍ ഉള്ള വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിധി എന്തായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കുമെന്നും വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ മാറ്റിവെക്കുകയാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ച് കോടതിക്ക് ഇടപെടുന്നതില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിന് ശേഷമായിരിക്കും പുന:പരിശോധന ഹരജികള്‍ പരിശോധിക്കുക.
യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാന്‍ കോടതി നിലവില്‍ തയ്യാറായിട്ടില്ല.