എഡിറ്റര്‍
എഡിറ്റര്‍
‘കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്’; മാധ്യമങ്ങള്‍ക്ക് ഉപദേശവുമായി മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 25th April 2017 7:26pm

തിരുവനന്തപുരം: എം.എം മണിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഉപദേശവുമായി മുഖ്യമന്ത്രി. മാധ്യമങ്ങള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേട്ടുകേള്‍വിയുടേയും വ്യാജ ആരോപണങ്ങളുടേയും അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ അത് എല്ലാവരേയും ബാധിക്കും.

വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയമുണ്ടാക്കേണ്ടത് റിപ്പോര്‍ട്ടര്‍മാരുടെ അധിക ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് തന്റെ പ്രസംഗം വിവാദമാക്കിയത് എന്നാണ് മന്ത്രി എം.എം മണി ആരോപിച്ചത്.

അതേ സമയം എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. മണിയുടേയും മുഖ്യമന്ത്രിയുടേയും വിശദീകരണങ്ങളില്‍ തൃപ്തരാകാത്ത പ്രതിപക്ഷം മണി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം മൂന്നാറില്‍ തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനും അവിടെ നിരാഹാരമിരിക്കുന്നുണ്ട്.

മണിയുടെ പ്രസംഗത്തെ ആദ്യം വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയസഭയില്‍ മണിയെ ന്യായീകരിച്ച് രംഗത്തെത്തി. മണിയുടേത് നാടന്‍ പരാമര്‍ശമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.


Don’t Miss: മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം സഭയില്‍ നാക്കുപിഴ; പ്രക്ഷുബ്ധമായ ആദ്യദിനത്തിലും സഭയില്‍ ചിരിയുടെ ചാറ്റല്‍ മഴ


മണിയുടെ ഊളമ്പാറ പരാമര്‍ശത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ മറുപടി പറഞ്ഞു. ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അവിടേക്ക് അയയ്ക്കരുതെന്നും അയച്ചാല്‍ അവിടെ ഉള്ളവര്‍ ഓടിപ്പോകും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

മണിയുടെ വിവാദ പ്രസംഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് അയച്ചത്. എം.എം മണിയുടെ പരാമര്‍ശവും മൂന്നറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Advertisement