'പറഞ്ഞ വാക്ക് പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്;വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നീളും; ബി.ജെ.പിയ്‌ക്കെതിരെ തുറന്നടിച്ച് സി.കെ.ജാനു
Kerala
'പറഞ്ഞ വാക്ക് പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്;വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നീളും; ബി.ജെ.പിയ്‌ക്കെതിരെ തുറന്നടിച്ച് സി.കെ.ജാനു
ന്യൂസ് ഡെസ്‌ക്
Thursday, 16th March 2017, 9:08 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുമെന്ന് ബി.ജെ.പിയ്‌ക്കെതിരെ ആഞ്ഞടിച്ച് ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പേഴ്സണ്‍ സികെ ജാനു. സഖ്യത്തിന്റെ ഭാഗമായി ഒരു വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജാനു പറഞ്ഞു.

“”എല്ലായിടത്തുനിന്നും ഉപേക്ഷിക്കപ്പെടുന്ന ആളുകള്‍ എന്തെങ്കിലും പ്രതീക്ഷയുമായി വരുമ്പോള്‍ അവരുടെ വിശ്വാസത്തെ മങ്ങലേല്‍പിച്ചാല്‍ പിന്നെ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്.”” ജാനു തുറന്നടിച്ചു.

മുഖ്യധാരാ രാഷ്ട്രീയ മുന്നണികള്‍ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും എന്‍ഡിഎ പോലുള്ള ഒരു മുന്നണിയുടെ ഭാഗമാകേണ്ടി വന്നതെന്നും പ്രധാന മുന്നണികളുടെ പീഡനങ്ങള്‍ തന്നെയാണ് ഞങ്ങളെക്കൊണ്ട് എന്‍ഡിഎയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിച്ചതെന്നും ജാനു വ്യക്തമാക്കി.

എന്‍.ഡി.എയുമായി തങ്ങള്‍ സഖ്യം ചേര്‍ന്നതിന്റെ ഉത്തരവാദിത്വം കേരളത്തിലെ രണ്ട് മുന്നണികള്‍ക്ക് തന്നെയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുന്നണിയ്ക്കൊപ്പം ചേരുന്നു എന്നുപറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ ഞങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണമെന്നും സികെ ജാനു പറയുന്നു.


Also Read: ലിംഗവിവേചനത്തിന്റെ നേര്‍ച്ചിത്രമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല; ഇന്റര്‍നെറ്റും മൊബൈല്‍ഫോണ്‍ ഉപയോഗവും ആണ്‍കുട്ടികള്‍ക്ക് മാത്രം; പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാനും പെണ്‍കുട്ടികള്‍ക്ക് വിലക്ക്


” മുന്നണി സംവിധാനങ്ങളുടെ ഭാഗമായി നിന്നാല്‍ നീതി കിട്ടില്ലെന്നു മനസ്സിലായി. സെക്രട്ടേറിയേറ്റിന്റെ മുന്നിലല്ല ആദിവാസികളുടെ ജീവിതം മാറ്റേണ്ടതെന്നും അതിനുള്ളില്‍ ഇരുന്നാണെന്നുമുള്ള തിരിച്ചറിവുണ്ടായി. മൂന്നാം മുന്നണി നടപ്പാക്കാന്‍ കഴിയാത്ത സംവിധാനമല്ലെന്ന് കാലത്തോടൊപ്പം ജനങ്ങള്‍ മനസ്സിലാക്കും. നിലവിലെ മുന്നണികള്‍ ജനങ്ങളില്‍ നിന്നും അകലുമ്പോള്‍ സ്വീകാര്യമായ ഒരു സംവിധാനത്തിലേക്ക് ജനം മാറും. പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഏതു സംവിധാനം ഒപ്പം നില്‍ക്കും എന്നതനുസരിച്ച് ജനം മാറും.” ജാനു പറയുന്നു.