ഡാറ്റസെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍
Kerala
ഡാറ്റസെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 10:35 am

[] തിരുവനന്തപുരം: ഡേറ്റ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഡാറ്റസെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനമായത്.

2012 മാര്‍ച്ച് ആറിന് അന്വേഷണം സി.ബി.ഐ ക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നു. എന്നാല്‍ അന്നും ഏറെ വിവാദങ്ങളുണ്ടായതിനെത്തുടര്‍ന്ന് സുപ്രീംകോടതി വിജ്ഞാപനം സ്റ്റേ ചെയ്തു.

എല്ലാത്തിനുമൊടുവില്‍ തീരുമാനം മന്ത്രിസഭ പിന്‍വലിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉള്‍പ്പെട്ട കേസായത് കൊണ്ട് തന്നെ തുടക്കം മുതല്‍ ഏറെ വിവാദങ്ങളും ഡാറ്റസെന്റര്‍ കേസില്‍ ഉണ്ടായിരുന്നു.

ഡേറ്റ സെന്റര്‍ കേസ് സി.ബി.ഐ ക്ക് കൈമാറാന്‍  സര്‍ക്കാര്‍ ഉത്തരവില്ലെന്ന് ഏതാനും ദിവസം മുന്‍പ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.

കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിലും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

അതേസമയം മെല്‍വിന്‍ പാദുവ അടക്കം 22 തടവുകാരെ മോചിപ്പിക്കാനും നിതാഖത് മൂലം മടങ്ങിവരുന്നവരുടെ യാത്രച്ചിലവ് ചിലവ് വഹിക്കാനും കെ.എസ്.ഇ.ബി യെ കമ്പനികളായി വിഭജിക്കാനും  ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമായി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ നടക്കും.