എഡിറ്റര്‍
എഡിറ്റര്‍
ആരൊക്കെ മാറിനിന്നാലും സിനിമ നിലനില്‍ക്കുമെന്ന് വിനായകന്‍
എഡിറ്റര്‍
Monday 11th September 2017 9:36am


തലശ്ശേരി: ആരൊക്കെ മാറിനിന്നാലും സിനിമ നിലനില്‍ക്കുമെന്ന് നടന്‍ വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെയാണ് വിനായകന്റെ പ്രതികരണം. നേരത്തെ മുന്‍നിര താരങ്ങള്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

സിനിമയില്ലെങ്കിലും താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ആര് വന്നില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ്. സിനിമയില്‍ താരങ്ങള്‍ മാറിവരും. എന്നാല്‍ സിനിമയും പ്രേക്ഷകരും എന്നും നിലനില്‍ക്കും. ‘


Also Read: പിണറായി സര്‍ക്കാരിന്റെത് മികച്ച ഭരണമെന്ന് ജയപ്രദ


നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച സഹപ്രവര്‍ത്തകയ്ക്കു അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് വിധു വിന്‍സെന്റ് പറഞ്ഞു. ഒച്ച വെക്കാനുള്ള ശ്രമങ്ങളെ വെടിയുണ്ടകള്‍കൊണ്ട് നേരിടുമ്പോള്‍ കലാകാരന്‍മാര്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും വിധു വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രജിഷ വിജയന്‍ ഏറ്റുവാങ്ങി. സലീം കുമാര്‍, സുരഭി ലക്ഷ്മി, എം. ജയചന്ദ്രന്‍ തുടങ്ങിയവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാന വേദിയുടെ കവാടത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡും ഡബ്ള്യു.സി.സി സ്ഥാപിച്ചിരുന്നു.

Advertisement