ചുരുളി; ലിജോ ജോസ് പെല്ലിശ്ശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ്
Movie Day
ചുരുളി; ലിജോ ജോസ് പെല്ലിശ്ശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th December 2021, 2:12 pm

കൊച്ചി: ചുരുളി സിനിമയ്ക്കെതിരായ ഹരജിയില്‍ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കി.

ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ‘ചുരുളി’ക്കു നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

സോണിലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി. അറിയിച്ചത്.

ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സി.ബി.എഫ്.സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.

മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സി.ബി.എഫ്.സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം