തോറില്‍ വീണ്ടും അഭിനയിക്കാന്‍ താത്പര്യമറിയിച്ച് ഹെംസ്‌വര്‍ത്ത്; പിന്മാറി സംവിധായകന്‍
Entertainment news
തോറില്‍ വീണ്ടും അഭിനയിക്കാന്‍ താത്പര്യമറിയിച്ച് ഹെംസ്‌വര്‍ത്ത്; പിന്മാറി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th November 2023, 9:24 pm

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് (എം.സി.യു) ഫ്രാഞ്ചൈസിയില്‍ ക്രിസ് ഹെംസ്‌വര്‍ത്ത് അവതരിപ്പിച്ച കഥാപാത്രമാണ് തോര്‍ ഓഡിന്‍സണ്‍ എന്ന തോര്‍.

ക്രിസ് ഹെംസ്‌വര്‍ത്ത് എം.സി.യുവില്‍ ആദ്യമായി 2011ലെ ‘തോര്‍’ സിനിമയിലാണ് അഭിനയിച്ചത്. തുടര്‍ന്ന് ദ അവഞ്ചേഴ്സ് (2012), തോര്‍: ദി ഡാര്‍ക്ക് വേള്‍ഡ് (2013), അവഞ്ചേഴ്സ്: Age of Ultron (2015), തോര്‍: Ragnarok (2017),

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ (2018), അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം (2019), തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ (2022) എന്നിവയിലും ഡോക്ടര്‍ സ്ട്രേഞ്ചിന്റെ (2016) മിഡ്-ക്രെഡിറ്റ് സീനിലും ഹെംസ്‌വര്‍ത്ത് ഉണ്ടായിരുന്നു.

ലോകമെമ്പാടുമായി 855 മില്യണിലധികം ഡോളര്‍ കളക്ഷന്‍ നേടിയ 2017ലെ തോര്‍: Ragnarok ഉം 760 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ 2022ലെ തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ എന്നിവയും സംവിധാനം ചെയ്തത് ടൈക വെയ്റ്റിറ്റി ആയിരുന്നു.

തോറിന്റെ അഞ്ചാം ഭാഗത്തെ പറ്റി ഇതുവരെ മാര്‍വല്‍ സ്റ്റുഡിയോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുറച്ച് മാസങ്ങളായി അങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇതിനിടയില്‍ 2022ലെ തോര്‍: ലവ് ഏന്‍ഡ് തണ്ടറിന് ശേഷം തനിക്ക് തോറില്‍ വീണ്ടും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഹെംസ്‌വര്‍ത്ത് പ്രതികരിച്ചിരുന്നു.

പിന്നാലെ ഹെംസ്‌വര്‍ത്ത് തോറിന്റെ അടുത്ത ഭാഗത്തില്‍ തിരിച്ചു വരാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. അതോടെ മാര്‍വല്‍ ആരാധകര്‍ തോറിന്റെ അഞ്ചാം ഭാഗത്തിനുള്ള കാത്തിരിപ്പിലായി.

എന്നാല്‍ ഇപ്പോള്‍ ഇന്‍വേഴ്സിന്നല്‍കിയ അഭിമുഖത്തില്‍ താന്‍തോറിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ടൈക വെയ്റ്റിറ്റി. രണ്ടര വര്‍ഷം വലിയ സിനിമകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് വളരെ ക്ഷീണിപ്പിക്കുന്ന പ്രക്രിയയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ക്രിസ് ഹെംസ്‌വര്‍ത്ത് മാര്‍വലും തോറിന്റെ അടുത്ത ഭാഗം നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് കേള്‍ക്കുന്നുണ്ടെന്നും അത് സത്യമാണോ എന്ന് തനിക്കറിയില്ലെന്നും, ഉണ്ടെങ്കില്‍ തന്നെ താന്‍ അതില്‍ പങ്കാളിയാകില്ലെന്നും വെയ്റ്റിറ്റി പറഞ്ഞു. തനിക്ക് അതില്‍ നിന്ന് ഒരു ഇടവേള ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

തോറിന് പകരം, തന്റെ ശ്രദ്ധ ഇപ്പോള്‍ ‘ക്ലാര ആന്‍ഡ് ദി സണ്‍’ എന്ന നോവലിന്റെ അഡാപ്‌റ്റേഷനിലാണെന്ന് വെയ്റ്റിറ്റി അഭിമുഖത്തില്‍ പറഞ്ഞു. ഒരു റോബോട്ടിനെക്കുറിച്ചുള്ള ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ നോവലാണ് ഇത്. താന്‍ കുറച്ച് കാലമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമ ഇതാണെന്നാണ് വൈറ്റിറ്റി അഭിമുഖത്തില്‍ ഇന്‍വേഴ്സിനോട് പറഞ്ഞത്.

എന്നാല്‍ ഇത്തരത്തില്‍ മറ്റ് ചെറിയ പ്രോജക്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ഇടവേള എടുക്കുമ്പോഴും തോറിനോട് തനിക്ക് ഇപ്പോഴും താത്പര്യകുറവ് ഇല്ലെന്നും എന്നെങ്കിലും മടങ്ങിവരുന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും വെയ്റ്റിറ്റി പറഞ്ഞു.

അടുത്തിടെ ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ഒപ്പം താന്‍ ഒപ്പിട്ട മറ്റ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Chris Hemsworth Interested In Returning To Thor And The Director Withdrew From Thor