ഈ ചൗക്കിദാര്‍ ഫ്രോഡാണ്, കൊലപാതകിയും റേപ്പിസ്റ്റുമാണ്; മോദിക്കെതിരെ ആഞ്ഞടിച്ച് ജമ്മു പി.ഡി.പി നേതാവ്
national news
ഈ ചൗക്കിദാര്‍ ഫ്രോഡാണ്, കൊലപാതകിയും റേപ്പിസ്റ്റുമാണ്; മോദിക്കെതിരെ ആഞ്ഞടിച്ച് ജമ്മു പി.ഡി.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 3:13 pm

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീരിലെ പി.ഡി.പി നേതാവായ ഫിര്‍ദൗസ് തക്ക്. ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി കൊലപാതകിയും ഫ്രോഡും റേപ്പിസ്റ്റുമാണെന്നായിരുന്നു ഫിര്‍ദൗസ് തക്കിന്റെ ആരോപണം.

“”കാവല്‍ക്കാരന്‍ കള്ളനായതുകൊണ്ടാണ് നിരവധി കള്ളന്‍മാര്‍ ഈ രാജ്യത്തെ കട്ടുമുടിച്ച് കടന്നുകളഞ്ഞത്. റഫാല്‍ അഴിമതി നടത്തിയ ഈ കാവല്‍ക്കാരന്‍ ഏറ്റവും വലിയ ഫ്രോഡാണ്. മാത്രമല്ല ചൗക്കിദാര്‍ ഒരു കൊലപാതകി കൂടിയാണ്, ഞാന്‍ പറയുന്നത് മുഹമ്മദ് അഖ്‌ലഖിന്റെ കൊലപാതകത്തെ കുറിച്ചാണ്. ചൗക്കിദാര്‍ ഒരു റേപ്പിസ്റ്റുകൂടിയാണ് ഞാന്‍ പറഞ്ഞത് കത്‌വയിലെ ആസിഫയെ കുറിച്ചാണ്””- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

2015 ലാണ് യു.പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഖ്‌ലഖിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ അടിച്ചുകൊലപ്പെടുത്തിയത്. രാജ്യത്തെ നടുക്കിയ ഈ സംഭവത്തെ അപലപിക്കാനോ ഇതിനെതിരെ ശബ്ദിക്കാനോ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അന്ന് തയ്യാറായിരുന്നില്ല.

അതേസമയം ഇതേ കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിക്കേ മരണപ്പെട്ട ആളുടെ മൃതദേഹം ഇന്ത്യന്‍ പതാകയില്‍ പുതപ്പിച്ചായിരുന്നു ജയിലില്‍ നിന്ന് കൊണ്ടുവന്നത്. അവസാന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെടെ വന്‍ സംഘം തന്നെ എത്തിയിരുന്നു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ എല്ലാ പ്രതികള്‍ക്കും ബി.ജെ.പി ജോലിയും മറ്റ് സഹായങ്ങളും നല്‍കുകയും ചെയ്തിരുന്നു.

2018 ജനുവരിയിലായിരുന്നു ജമ്മുകാശ്മീരിലെ ഒരുക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയായ ആരിഫയെന്ന പെണ്‍കുഞ്ഞിനെ ഒരു സംഘം ആളുകള്‍ ക്രൂരബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ഇടപെടല്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഹിന്ദു ഏക്താ മഞ്ച് റാലിയില്‍ ബി.ജെ.പിയുടെ മന്ത്രിമാരും അന്ന് പങ്കെടുത്തിരുന്നു.