മലയന്‍കുഞ്ഞിലെ ചോലപെണ്ണേ വീഡിയോ ഗാനം റിലീസ് ചെയ്തു
Entertainment news
മലയന്‍കുഞ്ഞിലെ ചോലപെണ്ണേ വീഡിയോ ഗാനം റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 6:58 pm

നവാഗതനായ സജി മോന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിലെ ചൊലപ്പെണ്ണേ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു.

ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. 30 വര്‍ഷത്തിന് ശേഷം ഒരു മലയാളം സിനിമക്കായ് റഹ്മാന്‍ ഒരുക്കിയ പാട്ടുകളാണ് മലയന്‍ കുഞ്ഞിലേത്.

1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനായാണ് റഹ്മാന്‍ ഇതിന് മുമ്പ് സംഗീത സംവിധാനം ചെയ്തത്. വിജയ് യേശുദാസാണ് ഗാനം പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്.

ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാതാവ്. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസിലിന്റെ മലയാള ചിത്രമെന്ന നിലയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്  ലഭിച്ചത്. ട്രാന്‍സ് ആയിരുന്നു ഇതിന് മുമ്പ് തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുക്കിയിരിക്കുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്.


ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Content Highlight : Cholapenne video song released