Administrator
Administrator
ഇപ്പോള്‍ ബോളിവുഡിലേക്കില്ല: വിക്രം
Administrator
Wednesday 26th October 2011 4:02pm

തമിഴ് സിനിമയുടെ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും പൊയ്മുഖം വെടിയാന്‍ ധൈര്യം കാട്ടിയ താരമാണ് ചിയാന്‍ വിക്രം. താനൊരുപാട് വേഷങ്ങള്‍ ചെയ്തു എന്നു പറയാന്‍ താന്‍ കുറേ നല്ല വേഷങ്ങള്‍ ചെയ്തു എന്നുപറയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ശ്രമം വെറുതെയായില്ല. ഇന്ന് തെന്നിന്ത്യയിലെ സിനിമാ ആരാധകരെല്ലാം ക്ഷമയോടെ കാത്തിരിക്കാറുണ്ട്, വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ഒരു വിക്രം ചിത്രത്തിനുവേണ്ടി.

രാവണ്‍, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലെ വ്യത്യസ്തമായ വേഷങ്ങള്‍ക്കുശേഷം രാജപാതൈ എന്ന ചിത്രത്തിലൂടെ വീണ്ടും വിക്രം പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ്. തന്റെ സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും സങ്കല്പങ്ങളെക്കുറിച്ചും വിക്രം സംസാരിക്കുന്നു.

നിങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന രാവണ്‍, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങള്‍ വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. അതുകൊണ്ടാണോ പുതിയ ചിത്രമായ ‘രാജപാതൈ’ യിലൂടെ കൊമേഴ്‌സ്യല്‍ വഴി തിരഞ്ഞെടുക്കുന്നത്?

എന്റെ അവസാന റിലീസായിരുന്ന ദൈവത്തിരുമകള്‍ ബോക്‌സ് ഓഫീസില്‍ നൂറ് ദിനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴും ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ഈ ചിത്രങ്ങളെ നിങ്ങള്‍ക്ക് ഒരിക്കലും ഓഫ് ബീറ്റ് എന്നു പറയാന്‍ കഴിയില്ല. കാരണം ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിനുവേണ്ട എല്ലാ ഘടകങ്ങളും ഇതിലുണ്ട്.

രാവണിന്റെ കാര്യത്തിലാണെങ്കില്‍ അത് ഏറെ വ്യത്യസ്തമായ വിഷയമായിരുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം വിദേശ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ്. നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ടാണ് എല്ലാ സിനിമയിലും എന്റെ ലുക്കും സ്റ്റൈലും മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നത്.

രാവണിലൂടെ നിങ്ങള്‍ കഴിഞ്ഞവര്‍ഷം ബോളിവുഡില്‍ തുടക്കമിട്ടിരുന്നു. പക്ഷെ അതിനുശേഷം നിങ്ങള്‍ ഹിന്ദിയില്‍ പുതിയ പ്രൊജക്ടുകളൊന്നും സൈന്‍ ചെയ്തിട്ടില്ല.

ഹിന്ദി പ്രൊജക്ടുകള്‍ ചെയ്യാനാഗ്രഹമില്ലാഞ്ഞിട്ടല്ല. ഒന്നുരണ്ട് ഓഫറുകള്‍ എനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഡെയ്റ്റ് ഇല്ലാതിരുന്നത് കാരണം ചെയ്യാന്‍ പറ്റിയില്ല. ബിജോയ് നമ്പ്യാരുടേതായിരുന്നു ഒന്ന്. മറ്റേത് സണ്ണി ഡിയോളിന്റെ ഗയാലിന്റെ രണ്ടാം ഭാഗം.

നിങ്ങള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ലേ?

അതെ. അത് ഇപ്പോഴും മനസിലുണ്ട്. ഇപ്പോള്‍ ഞാന്‍ തമിഴ് പ്രൊജക്ടുകളുടെ തിരക്കിലാണ്. നേരത്തെ ഞാന്‍ വര്‍ഷം ഒരു ചിത്രം മാത്രമാണ് ചെയ്തിരുന്നത്. പക്ഷെ ഇപ്പോള്‍ ഞാന്‍ രണ്ടെണ്ണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജപാതൈ, കാരികാലന്‍, തുടങ്ങിയ ചിത്രങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. പിന്നെ ദൈവതിരുമകളില്‍ എന്നോടൊപ്പമുണ്ടായിരുന്ന സംവിധായകന്‍ വിജയ് യുടെ ചിത്രം.

കരികാലന്‍ എന്ന ചിത്രത്തിന്റെ വിശദാംശങ്ങള്‍ എന്തിനാണ് മറച്ചുവയ്ക്കുന്നത്?

ആദ്യം പുറത്തിറങ്ങുക രാജപാതൈയാണെന്നതിനാല്‍ അതിനെ ബാധിക്കേണ്ടെന്ന് കരുതിയാണ്. മറ്റൊരു ചിത്രത്തിനുണ്ടാവുന്ന തിളക്കം കുറയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കരികാലത്തിന്റെ ഷൂട്ടിംങ് ഞാന്‍ ആരംഭിച്ചു കഴിഞ്ഞു.

കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തീരുമാനമുണ്ടോ?

തെന്നിന്ത്യന്‍ ഭാഷകളായ തെലുങ്ക്, മലയാളം, തമിഴ് എന്നീ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. പക്ഷെ എനിക്കാ ഭാഷ അറിയില്ല. ഹോഗു എന്ന കന്നഡ വാക്കുമാത്രമാണ് എനിക്കറിയാവുന്നത്. പിന്നെ ഒരു സന്തോഷ വാര്‍ത്തയുള്ളത് കന്നഡ നിര്‍മാതാവ് കെ. മഞ്ജുവുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ നന്നായി നടക്കുകയാണെങ്കില്‍ അടുത്തുതന്നെ ഒരു കന്നഡ ചിത്രത്തില്‍ എന്നെ കാണാം.

നിങ്ങളുടെ ദാനശീലത്തെക്കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്…..
സിനിമയില്‍ നില്‍ക്കുക എന്നത് രസകരമായ കാര്യമാണ്. ഒരു സമയം കഴിഞ്ഞാല്‍ നാം സമൂഹത്തിന് എന്തെങ്കിലും തിരിച്ചുനല്‍കേണ്ടതുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരനോ, രാഷ്ട്രീയക്കാരനോ നടനോ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫാന്‍സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. കാശി എന്ന ചിത്രത്തില്‍ അന്ധനായ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആ ചിത്രം ചെയ്തതിനുശേഷമാണ് എന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഞാനറിയുന്നത്, എന്റെ പല ആരാധകരും കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി.

Advertisement