ആക്ഷന്‍, മാസ്, സ്വാഗ്; ബോസ് ഓഫ് ബോസസ്; ഗോഡ്ഫാദര്‍ ടീസര്‍
Film News
ആക്ഷന്‍, മാസ്, സ്വാഗ്; ബോസ് ഓഫ് ബോസസ്; ഗോഡ്ഫാദര്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st August 2022, 7:33 pm

ചിരഞ്ജീവി നായകനാവുന്ന ഗോഡ്ഫാദര്‍ ടീസര്‍ പുറത്ത്. തകര്‍പ്പന്‍ ആക്ഷന്‍ ടീമുകളുമായാണ് ഗോഡ്ഫാദര്‍ ടീസറെത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ് ഫാദര്‍.

മഞ്ജു വാര്യരായി നയന്‍താരയെത്തുമ്പോള്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പെങ്ങളുടെ സ്ഥാനത്താണെങ്കില്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയാണ് നയന്‍താര. ഒക്ടോബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.

അടുത്തിടെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. കാറില്‍ നിന്നും ഇറങ്ങി വരുന്ന ചിരഞ്ജീവിയാണ് ഫസ്റ്റ് ലുക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്‍. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ്. തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.

അതേസമയം മലയാളത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പൂരാന്റെ ഷൂട്ട് ആരംഭിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒന്നിച്ചെത്തിയ വീഡിയോയിലാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

Content Highlight: Chiranjeevi starrer Godfather teaser is out