ചൈനയിലെ ഇസ്‌ലാമിന് ചൈനീസ് ആഭിമുഖ്യമുണ്ടായിരിക്കണം: ഷി ചിന്‍പിങ്
World News
ചൈനയിലെ ഇസ്‌ലാമിന് ചൈനീസ് ആഭിമുഖ്യമുണ്ടായിരിക്കണം: ഷി ചിന്‍പിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 8:59 am

ബീജിങ്: ചൈനയിലെ ഇസ്‌ലാമിന് ചൈനീസ് ആഭിമുഖ്യമായിരിക്കണം ഉണ്ടാകേണ്ടതെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ്.

ചൈനയിലെ ഇസ്‌ലാം ആഭിമുഖ്യത്തിലും ചൈനീസ് ആയിരിക്കണം, ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പിന്തുടരുന്ന സോഷ്യലിസ്റ്റ് നയങ്ങളുമായി രാജ്യത്തെ മതങ്ങള്‍ പൊരുത്തപ്പെടണമെന്നാണ് ഷി ചിന്‍പിങ് പറഞ്ഞത്. ഈ നയം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ട ശ്രമങ്ങള്‍ അധികൃതര്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ആണ് പ്രസിഡന്റിന്റെ പ്രസ്താവനയക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

മതസംബന്ധമായ കാര്യങ്ങളുടെ ഭരണശേഷി മെച്ചപ്പെടുത്തേണ്ടതിന്റെയും മതങ്ങളുടെ ആരോഗ്യകരമായ വികസനം ഉറപ്പാക്കേണ്ടതിന്റെയും എല്ലാ വംശ വിഭാഗത്തില്‍ പെട്ടവര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഷി സംസാരിച്ചു.

”വിശ്വാസികളുടെ മതപരമായ സാധാരണ ആവശ്യങ്ങള്‍ ഉറപ്പാക്കുകയും അവര്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഐക്യപ്പെടുകയും വേണം,” ഷി പറഞ്ഞു.

രാജ്യത്തെ ഇസ്‌ലാം മതത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളുമായി ഒത്തുപോകുന്ന തരത്തില്‍ മാറ്റിയെടുക്കേണ്ടതിനെക്കുറിച്ച് നേരത്തെയും ഇദ്ദേഹം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.

ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ താമസിക്കുന്ന ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു ഷി ചിന്‍പിങ്. ഉയിഗ്വറുകള്‍ക്കെതിരെ മനുഷ്യത്വരഹിത നിലപാടാണ് ഷി ചിന്‍പിങ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന വിമര്‍ശനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ഉയിഗ്വറുകളെ രാജ്യത്ത് ക്യാംപുകളില്‍ തടവിലിടുകയും ക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങളും ഷി സര്‍ക്കാര്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം ക്യാംപുകളെ ‘എജ്യുക്കേഷന്‍ സെന്ററു’കള്‍ എന്നാണ് ചാന വിശേഷിപ്പിക്കുന്നത്.

അതേസമയം, ഉയിഗ്വര്‍ മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ചൈനീസ് സുരക്ഷാ സേന നിരന്തരം ഇടപെടുന്ന പ്രവിശ്യ കൂടിയാണ് ഷിന്‍ജിയാങ്. പ്രവിശ്യക്ക് പുറത്ത് നിന്നും, ഹാന്‍ ചൈനീസ് വിഭാഗത്തിന്റെ ഷിന്‍ജിയാങിലെ കുടിയേറ്റങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഉയിഗ്വര്‍ മുസ്‌ലിങ്ങളെയാണ് ചൈനീസ് സൈന്യം അക്രമത്തിലൂടെ അടിച്ചമര്‍ത്താറുള്ളത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ചൈനീസ് പ്രസിഡന്റ് ഷിന്‍ജിയാങില്‍ എത്തിയത്. ജൂലൈ 12നായിരുന്നു അദ്ദേഹം ഷിന്‍ജിയാങിലെത്തിയത്. ഇതിന് പിന്നാലെ പ്രവിശ്യയിലെ അധികൃതരുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlight: Chinese President Xi Jinping says Islam In China Must Be Chinese In Orientation