അഫ്ഗാനില്‍ പിടിമുറുക്കാന്‍ ചൈന; താലിബാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി
World News
അഫ്ഗാനില്‍ പിടിമുറുക്കാന്‍ ചൈന; താലിബാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2021, 7:30 pm

കാബുള്‍: അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി ചൈന.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ താലിബാന്‍ പ്രതിനിധികളുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചൈനീസ് ഇടപെടല്‍.

9 താലിബാന്‍ നേതാക്കളുമായാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ സഹ സ്ഥാപകന്‍ കൂടിയായ മുല്ല അബ്ദുള്‍ ഗാനി ബര്‍ദാര്‍ ഉള്‍പ്പടെയുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായ അനുരഞ്ജനത്തിലൂടെ പരിഹരിക്കാനായി എല്ലാത്തരം സഹായങ്ങളും ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വാങ് യീ ഉറപ്പുനല്‍കി.

കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഉയരുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ അവയെ ഇല്ലാതാക്കാന്‍ താലിബാന്റെ സഹായം പ്രതീക്ഷിക്കുന്നുവെന്നും വാങ് യീ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ വിഘടനവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണെന്നും അയല്‍രാജ്യമായ അഫ്ഗാന്‍ കേന്ദ്രീകരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വാങ് യീ പറഞ്ഞു.

അതേസമയം താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ പൗരന്‍മാരുടെ എണ്ണം 2400 ലധികമാണെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മെയ് മുതല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്ന് യു.എന്‍. വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ താലിബാന്‍, അഫ്ഗാന്‍ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു.എന്‍. പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ മരണസംഖ്യ ഇനിയുമുയരുമെന്നും ലിയോണ്‍സ് പറഞ്ഞു.

അതേസമയം സംഘര്‍ഷം രൂക്ഷമായ കാണ്ഡഹാര്‍ മേഖലയില്‍ നിന്നും 22000ലധികം കുടുംബങ്ങളാണ് പലായനം ചെയ്തതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Chinese officials and Taliban meet