നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് തിരിച്ചു വരുന്നു, അംബാനിയുടെ പങ്കാളിത്തത്തോടെ; റിപ്പോര്‍ട്ട്
national news
നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് തിരിച്ചു വരുന്നു, അംബാനിയുടെ പങ്കാളിത്തത്തോടെ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 5:50 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഫാഷന്‍ ബ്രാന്‍ഡായ ഷെയിന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ചാണ് ഷെയിന്‍ രാജ്യത്ത് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ബിസിനസ് പോര്‍ട്ടലായ ബിക്യു പ്രൈമിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരിച്ചുവരവ്. ഇടപാടിനെക്കുറിച്ച് റിലയന്‍സ് റീട്ടെയിലിന് മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഫാഷന്‍ വിപണികളിലൊന്നാണ് ഷെയ്ന്‍.
ഹിമാലയന്‍ അതിര്‍ത്തികളില്‍ ചൈനയുമായുള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് 2020 ജൂണില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിരോധിച്ച ആപ്പുകളില്‍ ഷെയ്‌നും ഉണ്ടായിരുന്നു. 2008ലാണ് ഷെയ്ന്‍ സ്ഥാപിതമായത്. സ്ത്രീകളുടെയും കുട്ടികളുടെയും ട്രെന്‍ഡി വസ്ത്രങ്ങള്‍ളുടെ പേരില്‍ ജനപ്രിയമാണ് ഷെയ്ന്‍.

അതേസമയം, 2020 ജൂണിലാണ് ഷെയ്ന്‍ അടക്കമുള്ള 59 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞിരുന്നത്. പബ്ജി, ടിക് ടോക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവണ്‍മെന്റ് വി ചാറ്റ്, സ്മാര്‍ട് ആപ് ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിരുന്നു.