ജാഫ്‌ന അടുത്ത അരുണാചല്‍ പ്രദേശ് ആവുമോ? ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യക്ക് നേരെയുള്ള പ്രകോപനമെന്ന് വിലയിരുത്തല്‍
World News
ജാഫ്‌ന അടുത്ത അരുണാചല്‍ പ്രദേശ് ആവുമോ? ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യക്ക് നേരെയുള്ള പ്രകോപനമെന്ന് വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 8:27 am

കൊളംബോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ ചൈനീസ് അംബാസഡറുടെ ജാഫ്‌ന സന്ദര്‍ശനം ഇന്ത്യയ്ക്ക് ആശങ്കയാകുന്നു.

തമിഴര്‍ കൂടുതലായി താമസിക്കുന്ന ശ്രീലങ്കയിലെ വടക്കന്‍ പ്രൊവിന്‍സ് ആയ ജാഫ്‌നയാണ് ചൈനീസ് അംബാസഡറായ ക്വി സെന്‍ഹോങ് സന്ദര്‍ശിച്ചത് എന്നതാണ് ആശങ്കക്ക് കാരണം.

ജാഫ്‌നയിലെ ചരിത്രപരമായ പബ്ലിക് ലൈബ്രറി, ഇന്ത്യക്കാര്‍ രാമസേതു എന്ന് പറയുന്ന ആദം ബ്രിഡ്ജ് തുടങ്ങി നിരവധി സ്ഥലങ്ങളായിരുന്നു അംബാസഡര്‍ സന്ദര്‍ശിച്ചത്.

ജാഫ്‌ന ഗവര്‍ണര്‍, ഫിഷറീസ് വകുപ്പ് മന്ത്രി, ജാഫ്‌ന മേയര്‍ എന്നീ സര്‍ക്കാര്‍ പ്രതിനിധികളുമായും അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യയും ഇന്ത്യക്കാരും ശ്രീലങ്കയില്‍ ഏറ്റവുമധികം ബന്ധം പുലര്‍ത്തുന്ന സ്ഥലമാണ് ജാഫ്‌ന. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയുമായി ജാഫ്‌നക്ക് അടുത്ത ബന്ധമാണുള്ളത്.

ഈ സാഹചര്യത്തില്‍ ഇന്ത്യക്കുള്ള മുന്നറിയിപ്പും അതേസമയം പ്രകോപനവുമായാണ് ക്വി സെന്‍ഹോങിന്റെ സന്ദര്‍ശനത്തെ പല മാധ്യമങ്ങളും വിലയിരുത്തുന്നത്.

ശ്രീലങ്കയിലെ ഇംഗ്ലീഷ് ഭാഷാ പത്രമായ ദ സണ്‍ഡേ ടൈംസില്‍ സന്ദര്‍ശനം ഇന്ത്യക്ക് ഭീഷണിയായേക്കാം എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ് എന്നിവയില്‍ ചൈനീസ് ഇടപെടലുകള്‍ കാരണം അതിര്‍ത്തി സംഘര്‍ഷമുണ്ടാകുന്നത് പോലെ ജാഫ്‌നയില്‍ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭയം സെന്‍ഹോങിന്റെ സന്ദര്‍ശനം സൃഷ്ടിക്കുന്നുണ്ട് എന്നായിരുന്നു പത്രത്തിലെ എഡിറ്റോറിയലില്‍ പറഞ്ഞിരുന്നത്.

ഒരു വര്‍ഷം മുമ്പാണ് ക്വി സെന്‍ഹോങ് ശ്രീലങ്കയില്‍ ചൈനീസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ 17 വരെയുള്ള മൂന്ന് ദിവസങ്ങളിലായിരുന്നു സെന്‍ഹോങിന്റെ ജാഫ്‌ന സന്ദര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chinese Ambassador’s visit to Jaffna sparks concern in India