കൊവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഞങ്ങള്‍: ചൈന
World News
കൊവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഞങ്ങള്‍: ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2022, 7:48 pm

ബെയ്ജിംഗ്: കൊവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന രാജ്യങ്ങളില്‍ ഒന്ന് തങ്ങളാണെന്ന അവകാശവാദവുമായി ചൈന.

കൊവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളില്ലാം തന്നെ പ്രാദേശിക ലോക്ഡൗണ്‍ കൊണ്ടുവന്നതും അന്താരാഷ്ട്ര-ആഭ്യന്തര യാത്രകളില്‍ പാലിച്ച കര്‍ശനമായ നിയന്ത്രണങ്ങളാണ് തങ്ങളുടെ വിജയത്തിന് അടിസ്ഥാനമെന്നും ചൈന പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കിയ സീറോ കൊവിഡ് സമീപനം കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമായെന്ന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ വക്താവ് ഷാങ് യെസൂയി പറഞ്ഞു.

ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു യെസൂയി ഇക്കാര്യം പറഞ്ഞത്.

രാജ്യമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ശരിയായ ദിശയിലാണെന്നും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും, മരണപ്പെട്ടവരും താരതമ്യേന കുറവാണെന്നുമുള്ള ഡാറ്റകളും, സാമ്പത്തിക മേഖലയിലുണ്ടാക്കിയ ചലനങ്ങളും ചൂണ്ടിക്കാട്ടിയാണ് യെസൂയി ഇക്കാര്യം പറഞ്ഞത്.

ഇതുവരെ 120 രാജ്യങ്ങളിലേക്ക് 2.1 ബില്യണ്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ചൈനയില്‍ വിതരണം ചെയ്ത ആകെ വാക്‌സിനുകളുടെ മൂന്നിലൊന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം 61 കൊവിഡ് കേസുകളായിരുന്നു ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 1,10,258 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4,636 മരണമാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

2019ല്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലായിരുന്നു ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊവിഡ് ആറ് ലക്ഷത്തിലധികം ആളുകളുടെ ജീവനായിരുന്നു അപഹരിച്ചത്.

Content Highlight;  China one of the best performers in curbing COVID pandemic: Official