നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറായ ആപ്പ് സ്റ്റോറുകളുടെ പട്ടിക പുറത്തുവിട്ട് ചൈന; ആപ്പിൾ ഇല്ല
World News
നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറായ ആപ്പ് സ്റ്റോറുകളുടെ പട്ടിക പുറത്തുവിട്ട് ചൈന; ആപ്പിൾ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 3:21 pm

ഹോങ് കോങ്: ബിസിനസ് വിശദാംശങ്ങൾ ഫയൽ സമർപ്പിച്ച മൊബൈൽ ആപ്പ് സ്റ്റോറുകളുടെ ആദ്യ ബാച്ചിന്റെ പട്ടിക പുറത്തുവിട്ട് ചൈനയുടെ സൈബർസ്പേസ് നിയന്ത്രണ അതോറിറ്റി. മൊബൈൽ ആപ്പുകളുടെ മേൽ നിരീക്ഷണം ഏർപ്പെടുത്തുന്ന പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയെന്ന് പട്ടിക പുറത്തുവിട്ടതിലൂടെ ചൈന വ്യക്തമാക്കി.

അതേസമയം ആപ്പിൾ സ്റ്റോറിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ടെൻസെന്റ്, വാവെയ്, ആന്റ് ഗ്രൂപ്പ്, ബെയ്‌ഡു, ഷവോമി, സാംസങ് ഉൾപ്പെടെയുള്ള കമ്പനികളുടെ 26 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നത്.

ജൂണിൽ ബിസിനസ് വിശദാംശങ്ങൾ സമർപ്പിക്കണമെന്നും ആപ്പുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആപ്പ് സ്റ്റോറുകൾക്ക് ആയിരിക്കുമെന്നും അറിയിച്ച് സൈബർസ്പേസ് അതോറിറ്റി ഓഫ് ചൈന (സി.എ.സി) പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു.

ഇതോടെ ലോകത്തിന്റെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയിൽ ആപ്പുകൾ കൊണ്ടുവരുന്നത് പ്രയാസകരമാകുമെന്നും നിരവധി ആപ്പുകൾ പിൻവലിക്കേണ്ടി വരുമെന്നും ആശങ്കകൾ ഉയർന്നിരുന്നു.

ചൈനയിലെ പുതിയ നിയമങ്ങൾ എങ്ങനെയാണ് സ്വീകരിക്കുക എന്ന് ആപ്പിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആപ്പിൾ നിയമത്തിന് വിധേയമായാൽ പതിനായിരക്കണക്കിന് ആപ്പുകൾ ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന സ്മാർട്ട്ഫോണുകളും മൊബൈൽ ആപ്പുകളുടെ ഉപയോഗവും നിരീക്ഷിച്ചുവരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ആപ്പ് സ്റ്റോറുകൾക്കും കടിഞ്ഞാണിടുന്നത്.

സെപ്റ്റംബർ ആരംഭത്തിൽ, പുതിയ നിയമം അനുശാസിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്ന് ടെൻസെന്റ്, വാവെയ് ഉൾപ്പെടെയുള്ള കമ്പനികളുടെ ആപ്പ് സ്റ്റോറുകൾ ആപ്പുകൾക്ക് നിർദേശം നൽകിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: China lists mobile app stores that comply with new rule, but Apple missing