കൊവിഡില്‍ വലയുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈന, 1000 വെന്റിലേറ്ററുകള്‍ നല്‍കും, സഹായം ന്യൂയോര്‍ക്ക് ഗവര്‍ണറും ട്രംപും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ
COVID-19
കൊവിഡില്‍ വലയുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈന, 1000 വെന്റിലേറ്ററുകള്‍ നല്‍കും, സഹായം ന്യൂയോര്‍ക്ക് ഗവര്‍ണറും ട്രംപും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ
ന്യൂസ് ഡെസ്‌ക്
Sunday, 5th April 2020, 11:07 am

കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈനീസ് സര്‍ക്കാര്‍. 1000 വെന്റിലേറ്ററുകളാണ് ചൈന ന്യൂയോര്‍ക്കിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവര്‍ണര്‍ ചൈനയുടെ സഹായത്തെക്കുറിച്ച് പറഞ്ഞത്.

ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.

ശനിയാഴ്ച ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈനയുടെ വെന്റിലേറ്ററുകള്‍ എത്തും. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍  വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം. വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈനയുടെ സഹായം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

‘ എണ്ണം വെച്ച് നോക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. അവര്‍ക്ക് ആവശ്യത്തിലധികം വെന്റിലേറ്ററുകള്‍ ഉണ്ട്. അവരത് ഉപയോഗിക്കുന്നില്ലെന്നും, ശരിയായ രീതിയില്‍ ഉപയോഗിക്കില്ലെന്നുമാണ് ഞാന്‍ കേള്‍ക്കുന്നത്. ഇത് അവസാനിച്ചാല്‍ അവര്‍ ഒരെണ്ണത്തിന് ഡോളറുകള്‍ മേടിച്ച് വെന്റിലേറ്ററുകള്‍ വില്‍ക്കും,’ എന്നായിരുന്നു നേരത്തെ ട്രംപ് ഫോക്സ്ന്യൂസിനോട് പറഞ്ഞത്.

കൊവിഡ് സുരക്ഷാ മുന്‍കരുതലിലെ അനാസ്ഥ കാരണം ന്യൂയോര്‍ക്ക് ഗവര്‍ണറും ട്രംപും തമ്മില്‍ പല തവണ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിന്റെ അവസ്ഥ ട്രംപ് മനസ്സിലാക്കിയിട്ടില്ലെന്നും 30000 വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് ആവശ്യമാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഘട്ടത്തില്‍ 4000 വെന്റിലേറ്ററുകള്‍ മാത്രമാണ് ന്യൂയോര്‍ക്കില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂയോര്‍ക്കില്‍ കൊവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച മാത്രം 630 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3565 ആയി. ഇതിനു തൊട്ടുമുമ്പത്തെ ദിവസം മരണസംഖ്യ 2935 ആയിരുന്നു. ന്യൂയോര്‍ക്കില്‍ ആകെ 113704 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 63306 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നു മാത്രമാണ്.