എഡിറ്റര്‍
എഡിറ്റര്‍
ചില്ലയുടെ ഒക്ടോബര്‍ വായന
എഡിറ്റര്‍
Monday 30th October 2017 1:35pm

റിയാദ്: പുസ്തകാവതരണങ്ങളും സര്‍ഗസംവാദവുമായി ‘ചില്ല’യില്‍ ഒക്ടോബര്‍ ഒത്തുചേരല്‍. ഒ എന്‍ വിയുടെ ‘ഉജ്ജയിനി’ അവതരിപ്പിച്ചുകൊണ്ട് സുനില്‍കുമാര്‍ ഏലംകുളം ഉദ്ഘാടനം ചെയ്തു.

മരണശേഷംമാത്രം ലോകം അറിഞ്ഞ ഗ്രീക്ക് കവി കോണ്‍സ്റ്റന്റൈന്‍ പീറ്റര്‍ കവാഫിയുടെ അലക്‌സാന്‍ഡ്രിയയിലെ തെരുവുകളിലും ജന്‍മഗൃഹത്തിലും സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുഹൈബ് വായന-യാത്ര-എഴുത്തനുഭവങ്ങള്‍ പങ്കുവച്ചു.

ഗ്രബിയേല്‍ ഗാര്‍സ്യാ മാര്‍ക്വിസിന്റെ ആദ്യകാല കൃതിയായ ‘കപ്പല്‍ഛേദം വന്ന നാവികന്റെ കഥ’ നൗഷാദ് കോര്‍മത്തും സച്ചിദാനന്റെ ‘സമുദ്രങ്ങള്‍ക്ക് മാത്രമല്ല’ എം ഫൈസലും അവതരിപ്പിച്ചു. ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാത കൃതി ‘യുദ്ധവും സമാധാനവും’ വിപിനും, രാമായണത്തിന്റെ പുതിയ വായന സുരേഷ്‌കുമാറും നടത്തി.

ശശി തരൂരിന്റെ നാല് കൃതികളെ ആസ്പദമാക്കി ആര്‍ മുരളീധരന്‍ വായനാനുഭവം പങ്കുവച്ചു. ആന്‍ ഇറാ ഓഫ് ഡാര്‍ക്ക്‌നസ്:ദ് ബ്രിട്ടീഷ് എമ്പയര്‍ ഇന്‍ ഇന്‍ഡ്യ , ഇന്ത്യ ശാസ്ത്ര, പാക്സ് ഇന്‍ഡിക, നെഹ്രു – ദ ഇന്‍വെന്ഷന്‍ ഓഫ് ഇന്ത്യഎന്നീ പുസ്തകങ്ങള്‍ തന്നെയായിരുന്നു തുടര്‍ന്ന് നടന്ന സര്‍ഗസംവാദം സജീവമാക്കിയത്.

ശമീം തളാപ്രത്ത്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബറില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ചില്ലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു അഹമ്മദ് മേലാറ്റൂര്‍, ചലച്ചിത്രകാരന്‍ ഐ വി ശശി, സാഹിത്യ-ചലച്ചിത്ര നിരൂപകന്‍ ഡോ വി സി ഹാരിസ് എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

Advertisement