എഡിറ്റര്‍
എഡിറ്റര്‍
ശിവാശ്രമത്തിലെ കുട്ടികള്‍ പട്ടികള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം
എഡിറ്റര്‍
Friday 12th October 2012 9:35am

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തി അനാഥാലയത്തില്‍ അന്തേവാസികളായ കുട്ടികളെ പട്ടികള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം താമസിപ്പിച്ചിരിക്കുന്നു. ശിവാശ്രമം എന്ന അനാഥാലയത്തിലാണ് മുപ്പതോളം നായ്ക്കള്‍ക്കൊപ്പം തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇരുപതിലേറെ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ച് മൂര്‍ഖന്‍ പാമ്പുകളും ഒരു പെരുമ്പാമ്പും ഇവിടെയുണ്ട്.

Ads By Google

സാമൂഹ്യക്ഷേമ വകുപ്പിന്റെയോ ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഷെഡിലും പഴയ വീട്ടിലുമായാണ് ഇരുപതിലേറെ കുട്ടികളും മുപ്പതോളം വരുന്ന നായ്ക്കളും കഴിയുന്നത്. കുട്ടികള്‍ കിടക്കുന്നിടത്തും ഭക്ഷണം കഴിക്കുന്നിടത്തുമെല്ലാം നായ്ക്കളുണ്ട്.

നായ്ക്കളുടെ വിസര്‍ജ്ജ്യത്തിന്റെ കടുത്ത ദുര്‍ഗന്ധത്തിലാണ് കുട്ടികള്‍ കഴിയുന്നത്. നായ്ക്കളുടെ വിസര്‍ജ്ജ്യം കോരുന്നതും അവയ്ക്ക് ഭക്ഷണം നല്‍കുന്നതുമെല്ലാം കുട്ടികള്‍ തന്നെയാണ്. തൃശൂര്‍ നഗരത്തിലെ ശങ്കരയ്യ റോഡില്‍ സ്ഥിതി ചെയ്യുന്ന ശിവാശ്രമം ഒരു ഗുരുകുലമാണെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.

കുട്ടികള്‍ക്ക് ഗുരുകുല സമ്പ്രദായത്തില്‍ വേദങ്ങളും വിദ്യയും പകര്‍ന്നു നല്‍കുകയാണെന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ കുട്ടികള്‍ എങ്ങനെ ഇവിടെ എത്തിയെന്ന് പറയാന്‍ ആശ്രമം അധികൃതര്‍  തയ്യാറല്ല. ആശ്രമം നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് നായ്ക്കളെ വളര്‍ത്തി വില്‍ക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം.

അതേസമയം ശിവാശ്രമം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് സാമൂഹ്യക്ഷേമ വകുപ്പ് തന്നെ സമ്മതിക്കുന്നു. അനാഥാലയ നടത്തിപ്പിനുള്ള അനുമതിയും ഈ സ്ഥാപനത്തിനില്ല. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍പും പരാതിയുണ്ടായിട്ടുണ്ട്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ കുട്ടികളെയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

എല്ലാ നിയമങ്ങളും ലംഘിച്ചാണ് വര്‍ഷങ്ങളായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജൂവനൈല്‍ ജസ്റ്റീസ് ആക്ടിന്റെ വ്യക്തമായ ലംഘനമാണ് ഇവിടെ നടക്കുന്നുത്.

Advertisement