Administrator
Administrator
വീട് കുട്ടികളുടെ നരകമാവുകയാണോ?
Administrator
Thursday 4th August 2011 5:03pm

കേരളത്തില്‍ കുട്ടികള്‍ സ്വന്തം വീട്ടിനകത്ത് വെച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരികയാണ്. പറവൂരിലും കോതമംഗലത്തും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സ്വന്തം പിതാവിനാലാണ്. ഇന്നലെ കണ്ണൂര്‍ ചെറുപുഴയില്‍ സിഗരറ്റ് ലൈറ്റര്‍ വാങ്ങാന്‍ മറന്നുപോയ കുട്ടിയെ പിതാവ് മദ്യലഹരിയില്‍ അടിച്ചുകൊന്ന വാര്‍ത്ത കേട്ട് നാം ഞെട്ടി. കുഞ്ഞുങ്ങളെ മദ്യലഹരിയിലും അല്ലാതെയും ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്തകള്‍ ഇതിനും മുമ്പും നാം വായിച്ചിട്ടുണ്ട്.

പരിലാളനയും സ്വാന്തനവും ലഭിക്കേണ്ട വീട്ടിനുളളില്‍ കുട്ടികള്‍ ഇങ്ങിനെ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അഭയം തേടി അവര്‍ എവിടെപ്പോകും?. തന്റെ തന്നെ കുട്ടിയാണെങ്കില്‍പ്പോലും അവനെ മര്‍ദ്ദിച്ചവശനാക്കാന്‍ ഒരു പിതാവിനും അവകാശമില്ലല്ലോ. സ്വന്തം മക്കളോട് പോലും ഒരിറ്റ് സ്‌നേഹം കാണിക്കാന്‍ കഴിയാതെ വരണ്ടുപോവുകയാണോ മലയാളിയുടെ ഹൃദയം. ഡൂള്‍ന്യൂസ് ചര്‍ച്ച ചെയ്യുന്നു. വീട് കുട്ടികളുടെ നരകമാവുകയാണോ?

ടി.എന്‍ ഗോപകുമാര്‍,മാധ്യമപ്രവര്‍ത്തകന്‍

കുട്ടികളും മാതാപിതാക്കളും തമ്മില്‍ പരസ്പരം സ്‌നേഹവും ധാരണയും ഉണ്ടാകാനുള്ള സമയം ഈ അടുത്തകാലത്തായിട്ട് കുറഞ്ഞിരിക്കുന്നു. സാഹചര്യങ്ങളും ജീവിത സമ്മര്‍ദ്ദങ്ങളുമൊക്കെയാണ് ഇതിനിടയാക്കിയത്. അതേസമയം കുട്ടികള്‍ക്കേറെ പ്രതീക്ഷകളുമുണ്ട്.

വൈകൃത സ്വഭാവമുള്ള അച്ഛനമ്മമാരുടെ എണ്ണം ഈയിടെയായി കൂടിക്കൊണ്ടിരിക്കുകയാണ്. പണ്ട് നടന്നിട്ടില്ല എന്നല്ല, ഈ അടുത്തകാലത്തായി ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയില്‍പെടുന്നു എന്നേയുള്ളൂ. സമൂഹത്തിലെ പൊതു ദൂഷ്യങ്ങള്‍കൊണ്ട് ഇത് കൂടുതല്‍ വഷളായിരിക്കുന്നു. ആദ്യകാലത്ത് അമേരിക്കയിലൊക്കെ ഇത്തരം പ്രവണതകളുണ്ടായിരുന്നു. അവിടത്തെ സമൂഹം സ്വയമത് തിരുത്തുകയായിരുന്നു.

ഇപ്പോള്‍ അമേരിക്കയില്‍ കുടുംബം വളരെ ഭദ്രമായ സാഹചര്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. എറ്റവും കൂടുതല്‍ പ്രയാസം ഇപ്പോള്‍ പഴയ അമേരിക്കയുടെ അതേ അവസ്ഥയിലേക്ക് ഇന്ത്യയെത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്.

സാങ്കേതിക വിദ്യകളുടെ കുഴപ്പങ്ങളും മറ്റും പ്രശ്‌നമാണ്. അടുത്തിടെ ചാറ്റിങ്ങിലൂടെയുള്ള പ്രശ്‌നങ്ങളും മറ്റും എവിടെയോ വായിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാവുന്നുവെന്നത് നല്ല കാര്യം തന്നെയാണ്.

അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഉപദേശിക്കാന്‍ മുന്‍ തലമുറയില്ല. ഇത് ഏറ്റവും ഒടുവില്‍ ബാധിക്കുന്നത് ഏറ്റവും പുതിയ തലമുറയെ, അതായത് കൊച്ചുകുട്ടികളെയാണ്. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്.

ജെ.പി വെട്ടയാട്ടില്‍- രക്ഷിതാവ്

പഠിപ്പല്ലാതെ ഇപ്പോഴത്തെ കുട്ടികള്‍ക്ക് യാതൊരു എന്റര്‍ടൈന്‍മെന്റുമില്ല. പഠിക്ക് പഠിക്ക് എന്നല്ലാതെ മറ്റൊന്നും മാതാപിതാക്കള്‍ക്ക് മക്കളോട് പറയാനില്ല. രാവിലെ ട്യൂഷന്‍, പിന്നെ സ്‌ക്കൂള്‍, വൈകുന്നേരം വീണ്ടും ട്യൂഷന്‍, രാത്രി ഹോം വര്‍ക്ക് എന്നിങ്ങനെ അവര്‍ക്ക് തിരക്കാണ്. സമൂഹവുമായി യാതൊരു ബന്ധവുമില്ല. അച്ഛനമ്മമാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി മക്കളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

പിന്നെ അണുകുടുംബമായതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. അവരെ ഉപദേശിക്കാന്‍ മുത്തച്ഛന്‍മാരും, മുത്തശ്ശിമാരുമൊന്നും ഇല്ല. ഇതൊക്കെ കുട്ടികളുടെ മാനസിക വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്.

മാതാപിതാക്കളുടെ മദ്യപാനം കുട്ടികളെ ഏറെ ബാധിക്കുന്നുണ്ട്. മദ്യപിച്ച് അച്ഛനമ്മമാര്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് ഇന്ന് സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

സുഭീഷ്, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍. നമ്മുടെ കുട്ടികള്‍ എവിടെയും സുരക്ഷിതരല്ല. വീടുകള്‍ക്കുള്ളിലും സമൂഹത്തിലും അവര്‍ പലവിധത്തിലുള്ള അക്രമങ്ങള്‍ക്കിരയാകുന്നു.

വീടിനുള്ളില്‍ കുട്ടികളെ ശ്രദ്ധിക്കുന്നവര്‍ക്ക് തന്നെ മാറുന്ന ജീവിത രീതികള്‍ക്കൊപ്പം ശാസ്ത്രീയമായി പാരന്റിംഗ് നടത്താന്‍ മാതാപിതാക്കള്‍ക്കാവുന്നില്ല. ആധുനിക ജീവിത സാഹചര്യങ്ങളില്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ വലിയ അകല്‍ച്ച ഉണ്ടായിട്ടുണ്ട്. മൊബൈല്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കി നാലു ചുവരുകള്‍ക്കുള്ളില്‍ കുട്ടിയെ കെട്ടിയിടുമ്പോള്‍ ശാരീരികമായും മാനസികമായും ഇത് എന്തെല്ലാം ദൂഷ്യഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. മൂന്ന് നേരം ഭക്ഷണം കൊടുക്കുന്നതിലൂടെ മാത്രം അവരോടുള്ള കടമ തീരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ കുടുംബ കാഴ്ചപ്പാടുകള്‍ക്ക് പോരായ്മകളുണ്ട്.

കുട്ടികള്‍ ശാരീരികമായോ മാനസികമായോ എന്തെങ്കിലും തരത്തിലുള്ള ചൂഷണത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ അത് പിന്നീട് അവരെ വേട്ടയാടും. എന്താണോ അവര്‍ക്ക് ലഭിക്കുന്നത് അതാണ് അവര്‍ പ്രകടിപ്പിക്കുക, ഇത് സ്വാഭാവികമാണ്. പുറത്ത് നിന്നുള്ള എന്തെങ്കിലും വീട്ടില്‍ വന്ന് പറയുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ അത് നിസ്സാരമായി കാണുന്നു. വീടിനുള്ളില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികളുടെ അവസ്ഥ ഇതിലും ഭീകരമാണ്.

മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടത് ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. വീടിനുള്ളില്‍ കുട്ടികളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക, വിഷമഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ (ടോള്‍ ഫ്രീ നമ്പറുകള്‍ etc…) പരിചയപ്പെടുത്തി കൊടുക്കുക എന്നിവയെല്ലാമാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാനാകുന്നത്.

ഗോപിനാഥ് മുതുകാട്, മജിഷ്യന്‍

പൊതുവെ മലയാളികള്‍ക്ക് മൂല്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മദ്യപാനമാണ് ഇതിന്റെ പ്രധാനകാരണം. മുന്നില്‍ നില്‍ക്കുന്നത് മകനോ മകളോ ആണെന്ന ബോധം മലയാളിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍പ് കുട്ടികളോട് പത്രം വായിക്കണം എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് വായിക്കരുത് എന്നാണ് പറയേണ്ടത്. പത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമാണ്. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അതിപ്രസരം മറ്റൊരു കാരണമാണ്.

Advertisement