ചിന്ത്വാര: വിവാദങ്ങളിലൂടെ പലതവണ വാര്‍ത്തകളില്‍ ഇടംതേടിയ മധ്യപ്രദേശ് മന്ത്രി ഗൗരി ബൈസണ്‍ പുതിയ വിവാദത്തിലേക്ക്. ചിന്ത് വാരയില്‍ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിക്കിടെ ബെസണ്‍ ഒരു വിദ്യാര്‍ത്ഥിയെ കൊണ്ട് രണ്ട് തവണ തന്റെ ഷൂ ചരട് കെട്ടിച്ചതാണ് പ്രശ്‌നമായത്.
സംഭവം നടക്കുന്ന സയമത്ത് കേന്ദ്രമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. ആണ്‍കുട്ടി ബെയ്‌സണിന്റെ ഷൂ കെട്ടുന്നത് താന്‍ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത് ഏറെ അപമാനകരമായ കാര്യമാണെന്നും ഇതിനെ അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” ഞാനത് ശ്രദ്ധിച്ചില്ല. ഞാനതു കണ്ടിരുന്നെങ്കില്‍ ആ സമയത്തുതന്നെ അതിനെ എതിര്‍ത്തേനെ.” കമല്‍നാഥ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന്റെ സമയത്ത് സമീപത്തുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ വിളിച്ച് മന്ത്രി ഷൂ ലെയ്‌സ് കെട്ടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്ന് മനസിലാക്കിയ മന്ത്രി പരിപാടി പൂര്‍ത്തിയാകുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ കണ്ണു വെട്ടിച്ച് കടന്നുകളയുകയായിരുന്നൂ.